ഹജ്ജിന്റെ സുപ്രധാന ചടങ്ങ്, തീർഥാടകർ ഇന്ന് ഉച്ച മുതൽ അറഫയിൽ സമ്മേളിക്കും

Published : Jun 05, 2025, 02:06 PM IST
arafa ground

Synopsis

ലോകത്തിന്റെ നാനാദിക്കുകളിൽ നിന്നെത്തിയ 19 ലക്ഷത്തോളം തീർഥാടകർ ഇന്ന് അറഫയിൽ സംഗമിക്കും

റിയാദ്: ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സമ്മേളനം ഇന്ന് ഉച്ച മുതൽ സൂര്യൻ അസ്തമിക്കുന്നതുവരെ നടക്കും. ലോകത്തിന്റെ നാനാദിക്കുകളിൽ നിന്നെത്തിയ 19 ലക്ഷത്തോളം തീർഥാടകർ ഇന്ന് അറഫയിൽ സംഗമിക്കും. അറഫ മൈതാനത്തുള്ള നമിറാ പള്ളിയിൽ ഇന്ന് (വ്യാഴാഴ്ച) ഉച്ചക്ക് അറഫ പ്രഭാഷണത്തോടെയാണ് ചടങ്ങുകൾക്ക് പ്രാരംഭം കുറിക്കുക.

മുതിർന്ന സൗദി പണ്ഡിതനും ഹറം ഇമാമുമായ ഡോ. സാലിഹ് ബിൻ ഹുമൈദാണ് ഇത്തവണ അറഫ പ്രഭാഷണം നിർവഹിക്കുന്നത്. മലയാളമുൾപ്പടെ 35 ഭാഷകളിൽ ലോകം ഇത് ശ്രവിക്കും. തുടർന്ന് ളുഹർ, അസർ നമസ്കാരങ്ങൾ ചുരുക്കി ഒരുമിച്ച് നമസ്കരിക്കും. വൈകുന്നേരം വരെ പാപമോചന പ്രാർഥനകളും ദൈവസ്മരണയുമായി തീർഥാടകർ അറഫയിൽ നിൽക്കും. ഇത്തവണ ഫലസ്തീൻ ഉൾപ്പടെ നീറുന്ന പ്രശനങ്ങൾ വിശ്വാസികളുടെ പ്രാർഥനകളിൽ ഇടംപിടിക്കും.

ലോകത്തിന്റെ നാനാദിക്കുകളിൽ നിന്നെത്തി മിനാ താഴ്വരയിൽ തങ്ങിയ തീർഥാടക ലക്ഷങ്ങൾ ബുധനാഴ്ച രാത്രി മുതലേ അറഫ മൈതാനി ലക്ഷ്യമാക്കി നീങ്ങി തുടങ്ങിയിരുന്നു. മധ്യാഹ്ന൦ മുതൽ സൂര്യാസ്തമനം വരെയാണ് അറഫയിൽ ഹാജിമാർ സമ്മേളിക്കുക. പ്രവാചകൻ മുഹമ്മദ് നബി ഹജ്ജ് വേളയിൽ നടത്തിയ ചരിത്രപ്രധാനമായ പ്രഭാഷണത്തെ അനുസ്മരിച്ചാണ് മസ്ജിദുനമിറയിലെ അറഫ പ്രഭാഷണം. ബുധനാഴ്ച രാത്രി മുതൽ അറഫയിലേക്ക് ആരംഭിച്ച തീർഥാടക പ്രവാഹം വ്യാഴാഴ്ച ഉച്ചവരെ നീളും. അറഫയിലേക്കുള്ള ഒരോ വഴിയും ചെറുതും വലുതുമായ തീർഥാടക സംഘങ്ങളെ കൊണ്ട് കവിഞ്ഞൊഴുകുകയാണ്. ശരീരം അറഫയിൽ എത്തിയില്ലെങ്കിലും ലോകത്തിന്റെ വിവിധ കോണുകളിലുള്ള വിശ്വാസ ലക്ഷങ്ങൾ മനസ് കൊണ്ട് അറഫയിലെത്തും.

ഭക്ഷണം ഉപേക്ഷിച്ച് വ്രതമെടുക്കുന്ന വിശ്വാസികൾ ഹജ്ജിനോട് ഐക്യപ്പെടും. സൂര്യാസ്തമയം കഴിഞ്ഞാൽ ഉടൻ തീർഥാടകർ മുസ്ദലിഫയിലേക്ക് നീങ്ങും. ആകാശം മേൽക്കൂരയാക്കി രാത്രി അവിടെ വിശ്രമിച്ച ശേഷം ഞായറാഴ്ച പുലർച്ചെ ജംറയിൽ പിശാചിനെ കല്ലെറിഞ്ഞ്, മുടി മുറിക്കുന്നതോടെ ഹജ്ജിന് അർദ്ധവിരാമമാവും. ശേഷം മിനായിലെ കൂടാരത്തിലേക്ക് തിരിച്ചെത്തി വിശ്രമിച്ച ശേഷമാണ് മറ്റു കർമങ്ങൾ പൂർത്തിയാക്കുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത
29 കിലോഗ്രാം മയക്കുമരുന്നുമായി 15 പേർ ബഹ്റൈനിൽ പിടിയിൽ