വാട്‌സാപ്പിലൂടെ പരിചയം, യുവതിയെന്ന വ്യാജേന ഡേറ്റിങിന് ക്ഷണിച്ചു; വന്‍ തട്ടിപ്പിനിരയായി ദുബൈ പൈലറ്റ്

By Web TeamFirst Published Nov 5, 2020, 8:14 PM IST
Highlights

യുവതിയെ കാണാനായി പൈലറ്റ് അവര്‍ പറഞ്ഞ അപ്പാര്‍ട്ട്മെന്‍റിലെത്തി. ഒരു സ്ത്രീയാണ് വാതില്‍ തുറന്നത്. താന്‍ കാണാന്‍ വന്ന യുവതി അകത്തിരിപ്പുണ്ടെന്ന് ഇവര്‍ പൈലറ്റിനോട് പറഞ്ഞു. തുടര്‍ന്ന് പൈലറ്റിനെ അകത്തേക്ക് ക്ഷണിച്ച ശേഷം സ്ത്രീ വാതിലടച്ചു.

ദുബൈ: അമേരിക്കന്‍ യുവതിയെന്ന പേരില്‍ വാട്‌സാപ്പിലൂടെ പരിചയപ്പെട്ട് ദുബൈ പൈലറ്റിന്റെ പണം അപഹരിച്ച സംഘം പിടിയില്‍. 26കാരനാണ് അമേരിക്കന്‍ യുവതി ചമഞ്ഞ് പൈലറ്റുമായി വാട്‌സാപ്പ് വഴി സൗഹൃദം സ്ഥാപിച്ചതും പിന്നീട് ഡേറ്റിങിനായി വിളിച്ച് പണം തട്ടിയെടുത്തതും. ദുബൈ പ്രാഥമിക കോടതിയാണ് കേസ് പരിഗണിച്ചത്.

നൈജീരയക്കാരനായ പ്രതിയും ഇയാളുടെ കൂട്ടാളികളും ചേര്‍ന്ന് പൈലറ്റിനെ നഗ്നനാക്കിയെന്നും ചൂടാക്കിയ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിക്കുമെന്ന് ഭീഷണിപ്പെടുത്തി ബാങ്ക് കാര്‍ഡ് വഴി 19,454 ദിര്‍ഹം കവര്‍ന്നെന്നുമുള്ള കേസിലാണ് ദുബൈ പ്രാഥമിക കോടതി വാദം കേട്ടത്. ബര്‍ ദുബൈ പൊലീസ് സ്റ്റേഷനില്‍ ജൂണ്‍ നാലിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുര്‍ക്കി പൗരനായ പൈലറ്റ് വാട്‌സാപ്പിലൂടെയാണ് ഇയാളെ പരിചയപ്പെടുന്നത്. അമേരിക്കന്‍ യുവതിയാണെന്ന വ്യാജേനയാണ് പൈലറ്റുമായി യുവാവ് ബന്ധം സ്ഥാപിച്ചത്. നേരില്‍ കണ്ട് സംസാരിക്കാനും ചായ കുടിക്കാനുമായി യുവതി എന്ന് പരിചയപ്പെടുത്തിയ ആള്‍ തന്നെ ക്ഷണിക്കുകയായിരുന്നെന്ന് 47കാരനായ പൈലറ്റ് പറഞ്ഞു. 

യുവതിയെ കാണാനായി പൈലറ്റ് അവര്‍ പറഞ്ഞ അപ്പാര്‍ട്ട്മെന്‍റിലെത്തി. ഒരു സ്ത്രീയാണ് വാതില്‍ തുറന്നത്. താന്‍ കാണാന്‍ വന്ന യുവതി അകത്തിരിപ്പുണ്ടെന്ന് ഇവര്‍ പൈലറ്റിനോട് പറഞ്ഞു. തുടര്‍ന്ന് പൈലറ്റിനെ അകത്തേക്ക് ക്ഷണിച്ച ശേഷം സ്ത്രീ വാതിലടച്ചു. അകത്തെത്തിയ തന്നെ നാല് പുരുഷന്‍മാരും നാല് സ്ത്രീകളും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നെന്ന് പരാതിക്കാരനായ പൈലറ്റ് പറഞ്ഞു. ഇവര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചെന്നും നഗ്നനാക്കിയെന്നും പൈലറ്റ് കൂട്ടിച്ചേര്‍ത്തു. ഇതിന് പുറമെ ഇവര്‍ തന്റെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയെന്നും ഇയാള്‍ വ്യക്തമാക്കി.

ചൂടാക്കിയ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മര്‍ദ്ദിക്കുമെന്ന് ഇവരിലൊരു സ്ത്രീ ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്ന് അവരാവശ്യപ്പെട്ട ബാങ്ക് കാര്‍ഡിന്‍റെ പിന്‍ നമ്പര്‍ പൈലറ്റ് വെളിപ്പെടുത്തി. ബാങ്ക് കാര്‍ഡുപയോഗിച്ച് 19,454 ദിര്‍ഹം കവര്‍ന്ന പ്രതികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ഫ്‌ലാറ്റിലെ ഒരു മുറിയില്‍ പൈലറ്റിനെ ഇരുത്തിയ ശേഷം പ്രതികള്‍ രക്ഷപ്പെട്ടു. പിന്നീട് ഇവിടെ നിന്നും പുറത്തിറങ്ങിയ പൈലറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സംഘത്തിലെ നാലുപേരെ ഇയാള്‍ തിരിച്ചറിഞ്ഞു. അപ്പാര്‍ട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തി പണം തട്ടിയെടുക്കാന്‍ പദ്ധതിയിട്ടിരിന്നെന്ന് നാലുപേര്‍ കുറ്റസമ്മതം നടത്തിയതായാണ് റിപ്പോര്‍ട്ട്. മറ്റ് കൂട്ടാളികള്‍ക്ക് കോടതി മൂന്നുവര്‍ഷം തടവുശിക്ഷയും പിഴയും നാടുകടത്തലും വിധിച്ചു. പ്രധാന പ്രതി കസ്റ്റഡിയിലാണ്. ഇയാള്‍ക്കെതിരെയുള്ള വിധി നവംബര്‍ 30ന് പ്രഖ്യാപിക്കും.  

 
 

click me!