വിദേശത്ത് പോകുന്നവർക്ക് വാക്‌സീനേഷനിൽ പ്രതിസന്ധി: ഇടപെടും, പ്രത്യേക സൌകര്യമൊരുക്കുമെന്നും പിണറായി

By Web TeamFirst Published May 24, 2021, 7:06 PM IST
Highlights

'വിദേശത്ത് ജോലി ചെയ്യുന്നവർക്ക് വാക്സീൻ ലഭ്യമാകുന്നില്ലെന്ന പ്രശ്നമുണ്ട്. രണ്ടാം ഡോസ് എടുക്കേണ്ടവരുണ്ട്. കൊവിഷീൽഡാണ് വിദേശത്ത് അംഗീകരിച്ച വാക്സീൻ. കൊവിഷീൽഡിന്റെ രണ്ടാം ഡോസ് 84 ദിവസത്തിന് ശേഷമേ നൽകാവൂ എന്നാണ് ഇപ്പോഴുള്ള നിലപാട്'

തിരുവനന്തപുരം: ജോലി ആവശ്യങ്ങൾക്കടക്കം വിദേശത്ത് പോകുന്നവർ രണ്ടാം ഡോസ് വാക്സീനേഷൻ സ്വീകരിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നത് പരിഹരിക്കുന്നതിനായി ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശത്ത് പോകുന്നവർക്കായി വാക്സിനേഷന് പ്രത്യേക സൌകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

വിദേശത്ത് ജോലി ചെയ്യുന്നവർക്ക് വാക്സീൻ ലഭ്യമാകുന്നില്ലെന്ന പ്രശ്നമുണ്ട്. രണ്ടാം ഡോസ് എടുക്കേണ്ടവരുണ്ട്. കൊവിഷീൽഡാണ് വിദേശത്ത് അംഗീകരിച്ച വാക്സീൻ. കൊവിഷീൽഡിന്റെ രണ്ടാം ഡോസ് 84 ദിവസത്തിന് ശേഷമേ നൽകാവൂ എന്നാണ് ഇപ്പോഴുള്ള നിലപാട്. 84 ദിവസത്തിനുള്ളിലാണ് വിദേശത്ത് ജോലിയുള്ളയാൽ തിരിച്ച് പോകുന്നതെങ്കിൽ അയാൾക്ക് ജോലി നഷ്ടപ്പെട്ടെന്ന് വരാം. അത്തരം അനേകം കേസുകളുണ്ടെന്നാണ് റിപ്പോർട്ട്. അതിന്റെ അടിസ്ഥാനത്തിൽ വിദേശത്ത് ജോലിയുള്ളവർക്ക് വാക്സീൻ നൽകാൻ സൗകര്യമൊരുക്കും. 84 ദിവസം കഴിഞ്ഞേ പറ്റൂ എന്നത് എങ്ങിനെ ഇളവ് ചെയ്യാമെന്നാണ് പരിശോധിക്കുക. 

ഇവിടെ ഉപയോഗിക്കുന്ന കൊവാക്സീൻ വിദേശത്ത് അംഗീകാരം ഇല്ല. അക്കാര്യത്തിൽ കേന്ദ്രസർക്കാർ തന്നെ ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുന്നുണ്ട്. പെട്ടെന്ന് അംഗീകാരമാകുമെന്നാണ് പ്രതീക്ഷ. കൊവാക്സിന്റെ അംഗീകാരം പെട്ടെന്ന് കിട്ടാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

click me!