അമ്മയുടെ കാമുകന്റെ ക്രൂര പീഡനം; പൊള്ളലേറ്റ മൂന്ന് കുട്ടികളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

By Web TeamFirst Published Dec 16, 2022, 10:27 AM IST
Highlights

ഇരുവരും തമ്മില്‍ അടിക്കടി അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുകയും അപ്പോഴൊക്കെ അയാള്‍ കുട്ടികളെ ഉപദ്രവിക്കുമായിരുന്നുവെന്നും അമ്മ മൊഴി നല്‍കി. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ അമ്മയുടെ കാമുകന്റെ ക്രൂര പീഡനത്തിന് ഇരയായ മൂന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിച്ചു. കുട്ടികളുടെ ശരീരത്തില്‍ ക്രൂര മര്‍ദനത്തിന് ഇരയായതിന്റെയും പൊള്ളലേറ്റതിന്റെയും പാടുകളുണ്ട്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയ പൊലീസ് കാമുകനെ അറസ്റ്റ് ചെയ്‍തു.

യുവതിയും കാമുകനും തമ്മിലുള്ള തര്‍ക്കങ്ങളെ തുടര്‍ന്നായിരുന്നു ഇയാള്‍ കുട്ടികളെ ഉപദ്രവിച്ചിരുന്നതെന്ന് പൊലീസിന് അറിയാന്‍ കഴിഞ്ഞത്. അല്‍ അഹ്‍മദി ഗവര്‍ണറേറ്റിലെ ഒരു ആശുപത്രിയില്‍ നിന്നായിരുന്നു പൊലീസിന് വിവരം ലഭിച്ചത്. മൂന്നിനും അഞ്ചിനും ഇടയില്‍ പ്രായമുള്ള മൂന്ന് കുട്ടികളെ ഗുരുതര പരിക്കുകളോടെ ഇവിടെ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചത്. അമ്മയാണ് കുട്ടികളെ കൊണ്ടുവന്നത്.

പൊലീസ് ആശുപത്രിയിലെത്തി അമ്മയെ ചോദ്യം ചെയ്‍തപ്പോള്‍, തനിക്കൊപ്പം താമസിക്കുന്ന ഒരു ആണ്‍ സുഹൃത്താണ് കുട്ടികളെ ഉപദ്രവിച്ചതെന്ന് അറിയിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ അടിക്കടി അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുകയും അപ്പോഴൊക്കെ അയാള്‍ കുട്ടികളെ ഉപദ്രവിക്കുമായിരുന്നുവെന്നും അമ്മ മൊഴി നല്‍കി. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍സ് അന്വേഷണം തുടങ്ങുകയും ചെയ്‍തു. യുവതിയുടെ ആരോപണങ്ങളില്‍ വാസ്‍തവമുണ്ടെന്ന് കണ്ടെത്തിയതിന് തൊട്ടുപിന്നാലെ കാമുകന്‍ അറസ്റ്റിലായി.

കുട്ടികളെ ഉപദ്രവിച്ച കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. കുട്ടികളെ സംരക്ഷിക്കുന്നതില്‍ വീഴ്‍ച വരുത്തിയതിനും അവരെ മര്‍ദിക്കാന്‍ സുഹൃത്തിന് അവസരം ഉണ്ടാക്കിയതിനും അമ്മയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവരും പൊലീസ് കസ്റ്റഡിയിലാണ്. കുട്ടികളെ പരിശോധിച്ചതില്‍, മൂന്ന് പേര്‍ക്കും പൊള്ളലേറ്റിട്ടുണ്ടെന്നും ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളും മുറിവുകളുമുണ്ടെന്നും കണ്ടെത്തി. കുട്ടികള്‍ക്ക് പൊലീസ് സംരക്ഷണത്തോടെ ചികിത്സ നല്‍കുകയാണിപ്പോള്‍. പരിക്കുകള്‍ വിശദമായി പരിശോധിക്കാന്‍ ഫോറന്‍സിക് സംഘത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read also: അമിത വേഗക്കാരെ 'പൂട്ടാന്‍' കുവൈത്ത്; രണ്ടാഴ്ചക്കിടെ ക്യാമറയില്‍ കുടുങ്ങിയത് 22,000ത്തിലേറെ വാഹനങ്ങള്‍

click me!