
റിയാദ്: ഗള്‍ഫ് നാടുകളില്‍ കൊവിഡ് പരിശോധന നടത്തിയ സർട്ടിഫിക്കറ്റുകള്‍ ഹജാരാക്കി ഇന്ത്യയിലെ എയർപോർട്ടുകളില്‍ ഇറങ്ങുന്നവർക്ക് വീണ്ടും കൊവിഡ് പരിശോധന നിർബന്ധമാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ഇക്കാര്യത്തില്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കുമെന്ന് സൗദിയിലെ പ്രവാസി ലീഗല്‍ എയ്ഡ് സെല്‍- പ്ലീസ് ഇന്ത്യ ചെയർമാന്‍ ലത്തീഫ് തെച്ചി അറിയിച്ചു.
പ്ലീസ് ഇന്ത്യ ഗ്ലോബല്‍ ഡയരക്ടർ അഡ്വ: ജോസ് എബ്രഹാം മുഖേന ഹൈക്കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 72 മണിക്കൂർ കാലാവധിയുള്ള കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിലുണ്ടെങ്കിലും അതത് എയർപോർട്ടുകളില്‍ ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് കരസ്ഥാമാക്കിയ ശേഷമേ പുറത്തിറങ്ങാന്‍ അനുവദിക്കാവൂ എന്നാണ് കേന്ദ്ര സർക്കാർ അന്താരാഷ്ട്ര യാത്രക്കാർക്ക് ഏർപ്പെടുത്തിയ പുതിയ നിര്‍ദേശം. ഇതിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ എയർപോർട്ടുകളിലെത്തിയ യാത്രക്കാർ പ്രതിഷേധിച്ചിരുന്നു.
നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി സംഘടനകള്‍ രംഗത്തുണ്ട്. 1700 രൂപവരെയാണ് എയർപോർട്ടുകളില്‍ ടെസ്റ്റ് ഫീയായി ഈടാക്കുന്നത്. ടെസ്റ്റ് ഒഴിവാക്കുകയോ സൗജന്യമാക്കുകയോ വേണമെന്നാണ് ആവശ്യം. അതാത് ഗൾഫ് നാടുകളിൽ വെച്ച് 72 മണിക്കൂർ മുമ്പ് കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് റിപ്പോർട്ട് കരസ്ഥമാക്കുന്നവര്‍ വീണ്ടും നാട്ടിൽ എത്തി കാശ് മുടക്കി ടെസ്റ്റ് നടത്തുന്നത് എന്തിനാണെന്നാണ് പ്രവാസി സംഘടനകളുടെ ചോദ്യം. പിന്നീട് ഏഴ് ദിവസം വീട്ടിൽ ക്വാറന്റീനിൽ ഇരിക്കുന്നതിന് എല്ലാ പ്രവസികള്‍ തയ്യാറാണെന്നും പ്ലീസ് ഇന്ത്യ ഭാരവാഹികള്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam