
റിയാദ്: പതിനാറ് വയസുള്ള പെൺകുട്ടിയെ കെട്ടി ഏതാനും ദിവസങ്ങൾക്കു ശേഷം സൗദിയിലേക്ക് മടങ്ങിയ പ്രവാസി മലയാളിക്കെതിരെ ഒടുവിൽ പെൺകുട്ടിയുടെ വീട്ടുകാരുടെ ലൈംഗിക പീഡന പരാതിയും. പോക്സോ, ശൈശവ വിവാഹ കേസുകളിൽ കുടുങ്ങിയ മണ്ണാർക്കാട് സ്വദേശിയായ യുവാവിനെ മണ്ണാർക്കാട് പൊലീസ് റിയാദിലെത്തി സൗദി പൊലീസിൽ നിന്ന് ഏറ്റുവാങ്ങി നാട്ടിലേക്ക് തിരിച്ചു.
മണ്ണാർക്കാട് സ്വദേശി മുഹമ്മദ് ഷഫീഖാണ് പിടിയിലായത്. മണ്ണാർക്കാട് ഡിവൈഎസ്പി സുന്ദരനും സംഘവുമാണ് കഴിഞ്ഞദിവസം റിയാദിലെത്തി അറസ്റ്റ് ചെയ്തത്. ചൈൽഡ് മാരേജ് ആക്റ്റ് ലംഘനം, പോക്സോ കേസ് എന്നിവയാണ് പ്രതിക്കെതിരെയുള്ളതെന്ന് പൊലീസ് സംഘം പറഞ്ഞു. 2022-ലാണ് 16 വയസുള്ള കുട്ടിയെ യുവാവ് വിവാഹം കഴിച്ചത്.
റിയാദിൽ ജോലി ചെയ്യുന്ന ഇയാൾ കല്യാണം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുശേഷം അവധി കഴിഞ്ഞ് മടങ്ങി. മാസങ്ങൾക്ക് ശേഷം വധുവും ബന്ധുക്കളും ഭർത്താവ് പീഡിപ്പിച്ചെന്ന് ആരോപിച്ച് മണ്ണാർക്കാട് പൊലീസിൽ പരാതി നൽകി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന പരാതി പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ശൈശവ വിവാഹ നിരോധന നിയമമനുസരിച്ചുള്ള കുറ്റമുണ്ടെന്നും കണ്ടെത്തി അതുംകൂടി യുവാവിനെതിരെ ചാർജ് ചെയ്തത്. മാത്രമല്ല ശൈശവ വിവാഹ നിരോധന നിയമപ്രകാരം വധുവിെൻറ മാതാപിതാക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പ്രതി സൗദിയിലായതിനാൽ പൊലീസ് ഇൻറർപോളിന്‍റെ സഹായം തേടി. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. കേസ് നിലവിലുണ്ടെന്നും അറസ്റ്റ് ഉണ്ടാകുമെന്നും ഭയന്ന് 2022-ന് ശേഷം പ്രതി നാട്ടിലേക്ക് പോയിട്ടില്ല. ഇൻറർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പടുവിച്ചു. ഇത് ഇറങ്ങിയതോടെ നാഷനൽ സെൻട്രൽ ബ്യുറോ ഓഫ് ഇന്ത്യയുടെ ആവശ്യപ്രകരം സൗദി ഇൻറർപോൾ പ്രതിയെ അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ജനുവരി 15 നാണ് അറസ്റ്റ് സംബന്ധിച്ച വിവരം കേരള പൊലീസിന് ലഭിക്കുന്നത്. പ്രതിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള തുടർനടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ഈ മാസം 20-നാണ് മണ്ണർക്കാട് ഡി.വൈ.എസ്.പി സുന്ദരൻ, എസ്.സി പോലീസ് ഓഫീസർ കെ. നൗഷാദ്, സിവിൽ പൊലീസ് ഓഫീസർ റംഷാദ് എന്നിവരടങ്ങുന്ന സംഘം റിയാദിലെത്തിയത്.
Read Also - കര്‍ശന പരിശോധന തുടരുന്നു; സൗദിയിൽ ഒരാഴ്ചക്കിടെ 25,150 നിയമലംഘകർ പിടിയിൽ
തുടർന്ന് ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ പ്രതിയെ കൈമാറാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. ചൊവ്വാഴ്ച (മാർച്ച് 25) രാത്രി 10 ഓടെ സൗദി നാഷനൽ ക്രൈം ബ്യുറോ പ്രതിയെ റിയാദ് കിങ് ഖാലിദ് എയർപ്പോർട്ടിൽ വെച്ച് കേരള പൊലീസ് സംഘത്തിന് കൈമാറി. രാത്രി 11.55-ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിൽ പ്രതിയുമായി പൊലീസ് നാട്ടിലേക്ക് പുറപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ