യുഎഇ കറന്‍സിയെ അപമാനിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ; യുവാവ് പിടിയില്‍

By Web TeamFirst Published Jul 17, 2020, 9:22 PM IST
Highlights

റെക്കോര്‍ഡ് സമയത്തിനുള്ളില്‍ പ്രതിയെ തിരിച്ചറിയുകയും ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഉമ്മുല്‍ ഖുവൈന്‍ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹുമൈദ് അല്‍ മത്തര്‍ അറിയിച്ചു.

ഉമ്മുല്‍ഖുവൈന്‍: യുഎഇ കറന്‍സിയെ അപമാനിക്കുന്ന തരത്തില്‍ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് ഉമ്മുല്‍ഖുവൈന്‍ പൊലീസിന്റെ സൈബര്‍ ക്രൈം വിഭാഗം നടപടിയെടുത്തത്. റെക്കോര്‍ഡ് സമയത്തിനുള്ളില്‍ പ്രതിയെ തിരിച്ചറിയുകയും ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഉമ്മുല്‍ ഖുവൈന്‍ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹുമൈദ് അല്‍ മത്തര്‍ അറിയിച്ചു.

പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെയാണ് പൊലീസ് യുവാവിനെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സൈബര്‍ കുറ്റകൃത്യങ്ങളുടേതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. രാജ്യത്തെയും രാജ്യത്തിന്റെ ചിഹ്നങ്ങളെയും അപമാനിക്കുകയോ അനാദരിക്കുകയോ ഇകഴ്‍ത്തുകയോ ചെയ്യുന്ന പ്രവൃത്തികളിലേര്‍പ്പെട്ടാല്‍ യുഎഇ നിയമമനുസരിച്ച് 10 ലക്ഷം ദിര്‍ഹം വരെ പിഴയും ജയില്‍ ശിക്ഷയും ലഭിക്കും. 

സമാനമായ കുറ്റത്തിന് മേയ് മാസത്തില്‍ മറ്റൊരു യുവാവിനെ ദുബായ് പൊലീസും അറസ്റ്റ് ചെയ്തിരുന്നു. തുമ്മിയ ശേഷം ശരീരം വൃത്തിയാക്കാന്‍ നോട്ടുകള്‍ ഉപയോഗിക്കുന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങളായിരുന്നു യുവാവ് ചിത്രീകരിച്ച് പ്രചരിപ്പിച്ചത്.

Read more
യുഎഇ കറന്‍സിയെ അപമാനിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ; യുവാവ് കുടുങ്ങി.

click me!