ദുബായ്: യുഎഇ കറന്‍സിയെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവാവിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. തുമ്മിയതിന് ശേഷം വൃത്തിയാക്കാന്‍ കറന്‍സി നോട്ടുകള്‍ ഉപയോഗിക്കുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് ഇയാള്‍ പോസ്റ്റ് ചെയ്ത വീഡിയോയിലുണ്ടായിരുന്നത്.

തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു. യുഎഇ നിയമമനുസരിച്ച് രാജ്യത്തേയും അതിന്റെ ചിഹ്നങ്ങളെയും അപമാനിക്കുന്നത് 10 ലക്ഷം ദിര്‍ഹം വരെ പിഴയും ജയില്‍ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. അറസ്റ്റിലായ യുവാവിന്റെ ചിത്രം, പതിവില്‍ നിന്ന് വ്യത്യസ്ഥമായി അവ്യക്തമാക്കാതെ പൊലീസ് സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. വ്യക്തികളുടെ ഭാവിയും സ്വകാര്യതയും കണക്കിലെടുത്താണ് തങ്ങള്‍ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാതിരുന്നതെന്നും ഇനി ഇത്തരക്കാരുടെ ചിത്രങ്ങള്‍ പുറത്തുവിടുന്നതോടെ അവര്‍ക്ക് എവിടെയും ജോലി ലഭിക്കുകയില്ലെന്ന് മാത്രമല്ല ഭാവിയില്‍ അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളും ഇവര്‍ നേരിടേണ്ടി വരുമെന്ന് കേണല്‍ സഈദ് അല്‍ ഹജരി പറഞ്ഞു.