പ്രവാസിയെ ആളുമാറി അറസ്റ്റ് ചെയ്ത് 54 ദിവസം റിമാന്റ് ചെയ്ത സംഭവത്തില്‍ യഥാര്‍ത്ഥ പ്രതി പിടിയില്‍

By Web TeamFirst Published Nov 20, 2018, 9:05 AM IST
Highlights

മകളുടെ നിക്കാഹിനായി നാട്ടിലെത്തിയ താജുദ്ദീനെ ഓഗസ്റ്റ് 11നാണ് ചക്കരക്കൽ എസ്.ഐ ബിജു അറസ്റ്റ് ചെയ്തത്. വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞയാളുടെ സി.സി.ടി.വി ദൃശ്യങ്ങളിലെ സാമ്യം മാത്രം നോക്കിയായിരുന്നു അറസ്റ്റ്. വീട്ടമ്മ തിരിച്ചറിഞ്ഞതല്ലാതെ മറ്റ് ശാസ്ത്രീയ തെളിവുകളൊന്നും ഉണ്ടായിരുന്നില്ല. 

കണ്ണൂര്‍: മാല കവർച്ച കേസിൽ പ്രവാസിയെ ആളുമാറി മാറി അറസ്റ്റ് ചെയ്ത സംഭവത്തില്‍ യഥാർത്ഥ പ്രതി പിടിയിലായി. വടകര സ്വദേശി ശരത് വത്സരാജ് ആണ് അറസ്റ്റിലായത്. നേരത്തെ കതിരൂർ സ്വദേശി താജുദ്ധീനെ ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്ത് 54 ദിവസം റിമാൻഡ് ചെയ്തിരുന്നു.

മകളുടെ നിക്കാഹിനായി നാട്ടിലെത്തിയ താജുദ്ദീനെ ഓഗസ്റ്റ് 11നാണ് ചക്കരക്കൽ എസ്.ഐ ബിജു അറസ്റ്റ് ചെയ്തത്. വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞയാളുടെ സി.സി.ടി.വി ദൃശ്യങ്ങളിലെ സാമ്യം മാത്രം നോക്കിയായിരുന്നു അറസ്റ്റ്. വീട്ടമ്മ തിരിച്ചറിഞ്ഞതല്ലാതെ മറ്റ് ശാസ്ത്രീയ തെളിവുകളൊന്നും ഉണ്ടായിരുന്നില്ല. 54 ദിവസത്തെ ജയിൽവാസത്തിന് ശേഷം, സ്വന്തം നിലയിൽ അന്വേഷിച്ച് തന്റെ രൂപത്തോട് സാമ്യമുള്ള സമാന കേസിൽ ജയിലിലായ ക്രിമിനൽ കേസ് പ്രതിയുടെ ഫോട്ടോകൾ സഹിതം ഡി.ജി.പിക്ക് പരാതി നൽകുകയായിരുന്നു.

തെളിവുകള്‍ സഹിതം കാര്യങ്ങള്‍ ഡി.ജി.പിക്ക് മുന്നില്‍ വിവരിച്ചതിനെ തുടര്‍ന്ന് തുടര്‍ന്ന് ക്രൈം ബ്രാഞ്ച് ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്താന്‍ ഡി.ജി.പി ഉത്തരവിട്ടു. സംഭവം അന്വേഷിച്ച ക്രൈം ബ്രാഞ്ച് സംഘം താജുദ്ദീന്‍ നിരപരാധിയാണെന്നും പൊലീസിന് വീഴ്ച പറ്റിയെന്നും കണ്ടെത്തുകയായിരുന്നു. താജുദ്ദീന്റെ പക്കല്‍ നിന്നും പൊലീസ് പിടിച്ചെടുത്ത 56,000 രൂപയും പാസ്പോർട്ടും തിരികെ നൽകാന്‍ ഡി.ജി.പി കണ്ണൂർ എസ്.പിക്ക് നിർദേശം നൽകി. അറസ്റ്റ് ചെയ്ത എസ്.ഐക്കെതിരെ നടപടിക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. പണവും പാസ്പോര്‍ട്ടും തിരികെ ലഭിച്ചെങ്കിലും എസ്.ഐക്കെതിരെ നടപടിയുണ്ടായില്ല. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ ആകെ ചെയ്തത് എസ്.ഐയെ സ്ഥലം മാറ്റുകയായിരുന്നു.

click me!