
റാസല്‍ഖൈമ: യുഎഇയില്‍ പെയ്ത കനത്തമഴയില്‍ വാദി താഴ്‍വരയില്‍ കുടുങ്ങിയ വാഹനത്തില്‍ നിന്ന് യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി പൊലീസ്. താഴ്‍വരയില്‍ പെട്ടന്നുണ്ടായ വെള്ളപ്പാച്ചിലില്‍ യുഎഇ സ്വദേശിയായ യുവാവ് വാഹനത്തില്‍ കുടുങ്ങുകയായിരുന്നു. മുങ്ങിക്കൊണ്ടിരുന്ന വാഹനത്തിന്‍റെ മുകളില്‍ കയറിയിരുന്ന യുവാവിനെ ഹെലികോപ്റ്ററിലെത്തിയ റാസല്‍ ഖൈമ പൊലീസിന്‍റെ വ്യോമ വിഭാഗമാണ് രക്ഷപ്പെടുത്തിയത്. ഞായറാഴ്ചയാണ് സംഭവം.
കേണല്‍ പൈലറ്റ് സയീദ് റാഷിദ് അല്‍ യമാഹി നേതൃത്വം നല്‍കിയ രക്ഷാസേനയാണ് ഇരുപതുകാരനായ യുവാവിനെ രക്ഷപ്പെടുത്തിയത്. മഴ ആസ്വദിക്കാനെത്തിയതായിരുന്നു യുവാവെന്ന് റാസല്‍ ഖൈമ പൊലീസ് വിശദമാക്കി. മഴ ശക്തമാണെന്നും അതിനാല്‍ ഇത്തരം പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ താല്‍ക്കാലികമായി ഒഴിവാക്കണമെന്നാണ് വീഡിയോ പങ്കുവച്ച് പൊലീസ് ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ യുഎഇയില്‍ റോഡ്,വ്യോമ ഗതാഗതം താറുമാറായിരുന്നു. തീരദേശമേഖലകളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. സമീപകാലത്തെ ഏറ്റവും വലിയ മഴയാണ് യുഎഇയില്‍ അനുഭവപ്പെടുന്നത്. എല്ലാ എമിറേറ്റുകളിലും ഇടിയോടുകൂടിയ ശക്തമായ മഴ ലഭിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam