യുഎഇയില്‍ കാറിടിച്ച് പ്രവാസിക്ക് പരിക്ക്; വാഹനവുമായി കടന്നുകളഞ്ഞ ഡ്രൈവര്‍ മണിക്കൂറുകള്‍ക്കകം പിടിയില്‍

By Web TeamFirst Published Mar 5, 2021, 6:26 PM IST
Highlights

ആംബുലന്‍സ്, പാരാമെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തി പരിക്കേറ്റയാള്‍ക്ക് ഉടന്‍ തന്നെ ചികിത്സ ലഭ്യമാക്കിയതിനൊപ്പം അപകടമുണ്ടാക്കിയ വാഹനം കണ്ടെത്തുന്നതിനായി പട്രോള്‍ സംഘങ്ങള്‍ക്ക് നിര്‍ദേശവും നല്‍കി. 

ഉമ്മുല്‍ഖുവൈന്‍: വാഹനാപകടത്തില്‍ പ്രവാസിക്ക് പരിക്കേറ്റതിന് പിന്നാലെ സ്ഥലത്തുനിന്ന്  കടന്നുകളഞ്ഞ ഡ്രൈവറെ മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം ഉമ്മുല്‍ഖുവൈനിലായിരുന്നു സംഭവം. വൈകുന്നേരം 7.15ഓടെയാണ് അപകടം സംബന്ധിച്ച വിവരം പൊലീസിന്റെ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതെന്ന് ഉമ്മുല്‍ഖുവൈന്‍ പൊലീസ് ട്രാഫിക് പട്രോള്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ കേണല്‍ ഹുമൈദ് അഹ്‍മദ് സഈദ് പറഞ്ഞു.

ആംബുലന്‍സ്, പാരാമെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തി പരിക്കേറ്റയാള്‍ക്ക് ഉടന്‍ തന്നെ ചികിത്സ ലഭ്യമാക്കിയതിനൊപ്പം അപകടമുണ്ടാക്കിയ വാഹനം കണ്ടെത്തുന്നതിനായി പട്രോള്‍ സംഘങ്ങള്‍ക്ക് നിര്‍ദേശവും നല്‍കി. വ്യാപകമായ അന്വേഷണം നടത്തിയ പൊലീസ് സംഘം മൂന്ന് മണിക്കൂറിനുള്ളില്‍ വാഹനം കണ്ടെത്തി ഡ്രൈവറെ അറസ്റ്റ് ചെയ്‍തു.

ഗുരുതരമായ പരിക്കോ വലിയ അപകടങ്ങളോ ഉണ്ടാക്കുന്നവര്‍ക്ക് യുഎഇ ഫെഡറല്‍ ട്രാഫിക് നിയമം 47-ാം വകുപ്പ് പ്രകാരം 23 ബ്ലാക് പോയിന്റുകളും കോടതി നിശ്ചയിക്കുന്ന പിഴയുമാണ് ശിക്ഷ. ഒപ്പം 30 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യും. ചെറിയ അപകടങ്ങളുണ്ടാക്കിയ ശേഷം വാഹനം നിര്‍ത്താതെ പോയാല്‍ ചെറിയ വാഹനങ്ങള്‍ക്ക് 500 ദിര്‍ഹവും വലിയ വാഹനങ്ങള്‍ക്ക് 1000 ദിര്‍ഹവും പിഴ ലഭിക്കും. ചെറിയ വാഹനങ്ങള്‍ ഏഴ് ദിവസം പിടിച്ചുവെയ്ക്കുന്നതിനൊപ്പം എട്ട് ബ്ലാക്ക് പോയിന്റുകളും ഡ്രൈവര്‍ക്ക് ലഭിക്കും.

click me!