ഡ്യൂട്ടിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

By Web TeamFirst Published Dec 9, 2022, 10:29 AM IST
Highlights

അടുത്തിടെയായി ഇയാള്‍ പതിവായി ലീവ് എടുത്തതും ക്ഷീണിതനായി കാണപ്പെട്ടതുമാണ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് സംശയം ഉണ്ടാക്കിയത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡ്യൂട്ടിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. കുവൈത്തിലെ ഹവല്ലി ഗവര്‍ണറേറ്റിലെ പൊലീസ് ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്. 

ഇയാളുടെ കൈവശം മയക്കുമരുന്നുകളും മറ്റ് ഉപകരണങ്ങളും കണ്ടെത്തിയതായും 'അല്‍ അന്‍ബ' റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെയായി ഇയാള്‍ പതിവായി ലീവ് എടുത്തതും ക്ഷീണിതനായി കാണപ്പെട്ടതുമാണ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് സംശയം ഉണ്ടാക്കിയത്. ജോലിസ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥന്‍ ലഹരിമരുന്ന് ഉപയോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പിടികൂടിയ വസ്തുക്കളും പ്രതിയെയും ലഹരിവിരുദ്ധ വിഭാഗത്തിന് കൈമാറി. കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം 144 പേര്‍ ലഹരിമരുന്ന് അമിതമായി കഴിച്ചതിനെ തുടര്‍ന്ന് മരിച്ചതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മരിച്ചവരില്‍ 61 ശതമാനം കുവൈത്തികളും ബാക്കിയുള്ളവര്‍ വിദേശികളുമാണ്.

Read more -  സർട്ടിഫിക്കറ്റ് പരിശോധന തുടരുന്നു; ഏഴ് പ്രവാസികളുടെ എഞ്ചിനീയറിംഗ് ബിരുദം വ്യാജമെന്ന് കണ്ടെത്തി

അതേസമയം കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ പരിശോധിക്കുന്നത് തുടരുകയാണ്. പതിനായിരത്തിധികം പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി. ഇത് സംബന്ധിച്ച് ലൈസന്‍സ് ഉടമകള്‍ക്ക് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നല്‍കിയിട്ടുണ്ട്. ജോലി മാറ്റവും ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശമ്പള നിബന്ധനയും ഉള്‍പ്പെടെ പ്രവാസികള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ ആവശ്യമായ നിബന്ധനകള്‍ ഇപ്പോള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അധികൃതരുടെ നടപടി.

Read More -  സ്‍ത്രീവേഷം ധരിച്ച് മസാജ് സെന്ററുകളില്‍ ജോലി ചെയ്‍തിരുന്ന 18 പ്രവാസികളെ റെയ്ഡില്‍ പിടികൂടി

ലൈസന്‍സ് റദ്ദാക്കപ്പെട്ടവരെ ഇക്കാര്യം എസ്എംഎസ് വഴി അറിയിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കൈവശമുള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ തിരികെ ഏല്‍പ്പിക്കാനാണ് ഇവരോട് നിര്‍ദേശിച്ചിരിക്കുന്നത്. റദ്ദാക്കപ്പെട്ട ലൈസന്‍സുകളുമായി വാഹനം ഓടിക്കുന്നത് പിടിക്കപ്പെട്ടാല്‍ ട്രാഫിക് പട്രോള്‍ വിഭാഗങ്ങളില്‍ നിന്ന് ശക്തമായ നടപടിയുണ്ടാകും. ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയിട്ടുള്ള പ്രവാസികളുടെ കാര്യത്തില്‍ നിരന്തര പുനഃപരിശോധന നടത്താന്‍  ആഭ്യന്തര മന്ത്രാലയം നല്‍കിയിട്ടുള്ള നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.  

click me!