'ഈ കരിപ്പൂർ ഞങ്ങൾക്ക് വേണം', കൈകോർത്ത് വ്യവസായികളും ജനപ്രതിനിധികളും

By Web TeamFirst Published Nov 24, 2019, 7:54 PM IST
Highlights

കണ്ണൂർ വിമാനത്താവളം വന്ന ശേഷം കരിപ്പൂരിന്‍റെ സാധ്യതകൾ മങ്ങിയെന്ന വിലയിരുത്തലാണ് ഉണ്ടായിരുന്നത്. മാത്രമല്ല, റൺവേ വികസനമടക്കം വൈകിയതോടെ പല സർവീസുകളും മുടങ്ങുകയും ചെയ്തു.

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ വികസനത്തിന് ജനപ്രതിനിധികളും വ്യവസായികളും കൈകോര്‍ക്കുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ജനപ്രതിനിധികളേയും വാണിജ്യ- വ്യവസായ മേഖലയിലുള്ളവരേയും ഉള്‍പ്പെടുത്തി കണ്‍സോര്‍ഷ്യം രൂപീകരിക്കാൻ  വിമാനത്താവളത്തില്‍ ചേര്‍ന്ന  ഉപദേശക സമിതി യോഗം തീരുമാനിച്ചു.

ജനപ്രതിനിധികള്‍, ചേംബര്‍ ഓഫ് കൊമേഴ്സ്, വ്യാപാര - വ്യവസായ മേഖലയിലുള്ളവര്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള യോഗം അടുത്ത മാസം ആദ്യം കോഴിക്കോട് ചേരാൻ കരിപ്പൂര്‍ വിമാനത്താവള ഉപദേശക സമിതി യോഗം തീരുമാനിച്ചു. അതിനുശേഷം ദില്ലിയിലെത്തി കേന്ദ്ര വ്യോമയാന മന്ത്രിയെ കണ്ട് കൂടുതല്‍ വിമാന സര്‍വീസുകള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തും. ക്വോലാലാംപൂര്‍, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കും ലക്ഷദ്വീപിലെ അഗത്തി പോലെയുള്ളയിടങ്ങളിലേക്കും സര്‍വീസുകള്‍ തുടങ്ങാനും പുതിയ വിമാന കമ്പനികള്‍ക്ക് കരിപ്പൂരില്‍ അനുമതി  നല്‍കുന്നത് വേഗത്തിലാക്കാനുമാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുക.

''ഞങ്ങളെല്ലാവരും കൂടി പോയി മുഖ്യമന്ത്രിയെയും കാണും. കാലിക്കറ്റിൽ നിന്ന് ധാരാളം ഡൊമെസ്റ്റിക്, ഇന്‍റർനാഷണൽ ഫ്ലൈറ്റുകൾക്ക് സാധ്യതയുണ്ട്. കോഴിക്കോടിന്‍റെ വാണിജ്യ, വ്യാപാര, ടൂറിസം മേഖലകളുടെ വളർച്ച യ്ക്ക് അത് അത്യാവശ്യമാണെന്ന് ധരിപ്പിക്കും. അത് നിവേദനമായി നൽകും. കോഴിക്കോട്, മലപ്പുറം ജില്ലകളെ ഷോകേസ് ചെയ്യുന്ന വലിയൊരു ഇവന്‍റ് വാണിജ്യ, വ്യാപാര സംഘടനകളുടെയും സഹകരണത്തോടെയും ജനപ്രതിനിധികളുടെ സഹായത്തോടെയും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കും'' - എന്ന് എം പി പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

click me!