
അബുദാബി: വിശ്വമാനവികതയുടെ സന്ദേശവുമായി ആഗോള കത്തോലിക്കാ സഭാ തലവൻ ഫ്രാൻസിസ് മാർപാപ്പ യുഎഇയിലെത്തി. മാനവ സാഹോദര്യ സംഗമത്തിൽ പങ്കെടുക്കുന്നതിനായെത്തിയ പോപ്പിന് രാജകീയ വരവേല്‍പാണ് അബുദാബിയില്‍ലഭിച്ചത്.
ഇന്ത്യൻ സമയം രാത്രി 11.30ഓടെ അബുദാബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിത്തിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയെ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ടെത്തി സ്വീകരിച്ചു. അറബ് ലോകത്ത് ആദ്യമായി എത്തിയ കത്തോലിക്കാ സഭാ പരമാധ്യക്ഷന് രാജകീയ വരവേല്‍പാണ് യുഎഇ നല്‍കിയത്. പിന്നീട് ഈജിപ്തിലെ അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ.അഹ്‍മദ് അൽ ത്വയ്യിബുമായി അഞ്ച് മിനുട്ട് കൂടിക്കാഴ്‍ച നടത്തിയശേഷം അദ്ദേഹത്തെ അൽ മുഷ്റിഫ് കൊട്ടാരത്തിലെ താമസ സ്ഥലത്തേക്ക് ആനയിച്ചു.
യുഎഇയിലേക്ക് സഹോദരനെപ്പോലെ പോവുകയാണെന്നും സംവാദത്തിന്റെ പുതിയ അധ്യായം തുറക്കാനും സമാധാനത്തിന്റെ പാതയിൽ ഒന്നിച്ചു നീങ്ങാനുമാണ് യാത്രയെന്നും അബുദാബിയിലേക്ക് തിരിക്കും മുമ്പ് മാര്‍പാപ്പ ട്വിറ്ററില്‍ കുറിച്ചു. അതിനു മുമ്പ് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടത്തിയ പ്രാർഥനയിൽ യമനിലെ യുദ്ധം അവസാനിപ്പിക്കാനായി വിശ്വാസികളുടെ പ്രാർഥനാസഹായവും ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് ഇന്ത്യന്‍സമയം 1.30ന് പ്രസിഡൻഷ്യൽ പാലസിലെ സ്വീകരണമാണ് മാര്‍പാപ്പയുടെ അബുദാബിയിലെ ആദ്യ പരിപാടി. തുടർന്ന് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാനുമായി കൂടിക്കാഴ്ച നടത്തും. വത്തിക്കാനിലെയും യുഎഇയിലെയും ഉന്നതതല ഉദ്യോഗസ്ഥർ ചര്‍ച്ചയില്‍ പങ്കെടുക്കും.
വൈകുന്നേരം ശൈഖ് സായിദ് ഗ്രാന്റ് മോസ്കിൽ മുസ്‌ലിം കൗൺസിൽ അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തും. തുടർന്ന് 6:10ന് മറീനയിലെ ഫൗണ്ടേഴ്‌സ് മെമ്മോറിയലിൽ ഇന്റർ റിലീജിയസ് സമ്മേളനത്തിൽ മാര്‍പാപ്പ പങ്കെടുക്കും. ആഗോള സമാധാനത്തിനായി കൈകോർക്കേണ്ടതിന്റെയും സഹിഷ്ണുത ഊട്ടിയുറപ്പിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് അദ്ദേഹം പ്രസംഗിക്കും. നാളെ അബുദാബി സായിദ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടക്കുന്ന കുര്‍ബാനയില്‍ പങ്കെടുക്കാനും മാര്‍പാപ്പയെ നേരിട്ടുകാണാനും ലോകത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് കാത്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam