ഫ്രാൻസിസ് മാര്‍പ്പാപ്പ ഫെബ്രുവരിയിൽ യുഎഇ സന്ദർശിക്കും

By Web TeamFirst Published Dec 7, 2018, 2:30 PM IST
Highlights

പോപ്പ് ഫ്രാൻസിസിന്റെ സന്ദർശനം മതേതര സംവാദങ്ങൾക്ക് സഹായിക്കുമെന്നും ലോകരാജ്യങ്ങൾ തമ്മിലുള്ള സമാധാനത്തിന് മുതൽക്കൂട്ടാകുമെന്നും ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു

വത്തിക്കാൻ സിറ്റി: ആ​ഗോള കത്തോലിക്കാ സഭാ അധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഫെബ്രുവരിയിൽ യുഎഇ സന്ദർശിക്കും. അടുത്ത വർഷം ഫെബ്രുവരി മൂന്നു മുതൽ അഞ്ചുവരെയാണ് പാപ്പയുടെ സന്ദർശനം. ലോകരാജ്യങ്ങൾ തമ്മില്‍ ഐക്യവും സമാധാനവും നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് മാർപാപ്പയുടെ സന്ദർശനം. യുഎഇയിലെ കത്തോലിക്കാ സമൂഹത്തെയും മാർപ്പാപ്പ അഭിസംബോധന ചെയ്യും.  ഇന്ത്യ, ആഫ്രിക്ക, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നായി ഏകദേശം പത്ത് ലക്ഷത്തോളം ക്രൈസ്തവ വിശ്വാസികൾ യുഎഇയിലുണ്ടെന്നാണ് കരുതപ്പെടുന്നത്.

ആദ്യമായിട്ടാണ് ഒരു മാര്‍പ്പാപ്പ യുഎഇ സന്ദർശിക്കുന്നത്. 2016ൽ വത്തിക്കാനിലെത്തിയ അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഫ്രാൻസിസ് മാര്‍പ്പാപ്പയെ യുഎഇയിലേക്ക് ക്ഷണിച്ചിരുന്നു. അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചാണ് മാർ‌പാപ്പ യുഎഇയില്‍ എത്തുന്നതെന്ന് വത്തിക്കാൻ ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു. 

പോപ്പ് ഫ്രാൻസിസിന്റെ സന്ദർശനം മതേതര സംവാദങ്ങൾക്ക് സഹായിക്കുമെന്നും ലോകരാജ്യങ്ങൾ തമ്മിലുള്ള സമാധാനത്തിന് മുതൽക്കൂട്ടാകുമെന്നും ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. ഒലീവില കൊത്തി പറക്കുന്ന പ്രാവാണ് ചിഹ്നമാണ് യുഎഇ സന്ദര്‍ശനത്തിന്റഎ ചിഹ്നമായി തെരഞ്ഞെടുത്തിരിക്കുന്നത്. അറേബ്യൻ ഉപദ്വീപ് സന്ദർശിക്കുന്ന മാര്‍പ്പാപ്പ കൂടിയാണ് അദ്ദേഹം. 1970 ൽ പോൾ ആറാമൻ മാര്‍പ്പാപ്പ ഇറാൻ സന്ദര്‍ശിച്ചിരുന്നു. ലോകരാജ്യങ്ങളിൽ മിക്കവയും സന്ദർശിക്കാൻ പോപ്പ് പദ്ധതി തയ്യാറാക്കുന്നുവെന്ന് വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു.

click me!