ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണമൊരുക്കി സൗദി അറേബ്യ

By Web TeamFirst Published Oct 30, 2019, 12:17 AM IST
Highlights

ഇരുപത്തിയാറ് ലക്ഷത്തിനടുത്തുള്ള ഇന്ത്യക്കാരുടെ രണ്ടാം ഭവനമാണ് സൗദി. ഇവർ രാജ്യത്തിൻറെ പുരോഗതിക്കും വികസനത്തിനും സംഭാവന ചെയ്യുന്നുവെന്ന് മോദി പറഞ്ഞു.

റിയാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൗദിയിൽ ഊഷ്‌മള സ്വീകരണം. മൂന്നു വർഷത്തിനുള്ളിലെ മോദിയുടെ രണ്ടാം സന്ദർശനമാണിത്. സൗദി-ഇന്ത്യ നയതന്ത്ര ബന്ധത്തിന് സൽപ്പേരുണ്ടാക്കാൻ സൗദിയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ജനതയുടെ കഠിനാധ്വാനവും പ്രതിബദ്ധതയും ഏറെ സഹായിച്ചതായി പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

ഇരുപത്തിയാറ് ലക്ഷത്തിനടുത്തുള്ള ഇന്ത്യക്കാരുടെ രണ്ടാം ഭവനമാണ് സൗദി. ഇവർ രാജ്യത്തിൻറെ പുരോഗതിക്കും വികസനത്തിനും സംഭാവന ചെയ്യുന്നുവെന്ന് മോദി പറഞ്ഞു. മികച്ച നിലയിൽ എത്തിയ ഈ രാജ്യത്തെ ഓരോ ഇന്ത്യക്കാരനേയും ഓർത്തു ഇന്ത്യ അഭിമാനിക്കുന്നുവെന്നും പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.  

ജനങ്ങൾ തമ്മിലുള്ള ദശാബ്ദങ്ങളായുള്ള ബന്ധം ഇരു രാജ്യങ്ങളും തമ്മിലുള്ള പാരസ്പര്യം നിലനിർത്താനുള്ള ശ്രമം തുടരുന്നതിലും ചരിത്രപരമായ ഐക്യത്തെ കൂടുതൽ ദൃഢമാക്കുന്നതിനും പ്രേരക ശക്തിയാകുമെന്നു ഉറപ്പുണ്ടെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ ഊർജ്ജ ആവശ്യങ്ങൾക്കുള്ള പ്രധാനപ്പെട്ടതും വിശ്വാസ യോഗ്യവുമായ ഉറവിടം എന്നനിലയിൽ സൗദിയുടെ പങ്ക് പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണങ്ങളിലെ പ്രധാനപ്പെട്ട മേഖലകളിൽ ഒന്നാണ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലെ നിക്ഷേപം. ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും സ്മാർട്ട് സിറ്റി പദ്ധതികളിലും സൗദി നിക്ഷേപകരെയും സ്വാഗതം ചെയ്യുന്നു. ഈ സന്ദർശനത്തിൽ ഇന്ത്യയും സൗദിയും വിവിധ മേഖലകളിൽ പ്രത്യേകിച്ച് പ്രതിരോധം, സുരക്ഷ, ഊർജ്ജ മേഖലകളിൽ ഉൾപ്പെടെ കരാർ ഒപ്പിടാൻ പോകുന്നതിൽ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു

click me!