
ദോഹ: രാജ്യത്ത് റോബോടാക്സിയുടെ പൊതുജന പരീക്ഷണത്തിന് ഒരുങ്ങി ഖത്തറിലെ പൊതുഗതാഗത സേവനദാതാക്കളായ മുവാസലാത്ത് (കർവ). ഖത്തർ ഗതാഗത മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ഓൾഡ് ദോഹ പോർട്ടിൽ നടക്കുന്ന ഈ പരീക്ഷണം ഡ്രൈവറില്ലാ ടാക്സി സർവീസ് നേരിട്ട് അനുഭവിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകും. ജനുവരി 26-ന് തിങ്കളാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് പരീക്ഷണയോട്ടം.
റോബോടാക്സിയുടെ സേവനം പരീക്ഷിക്കാൻ താൽപ്പര്യമുള്ളവർ മുവാസലാത്ത് നൽകിയിട്ടുള്ള ഓൺലൈൻ ഫോം വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഒരു യാത്രയിൽ പരമാവധി രണ്ട് പേർക്ക് പങ്കെടുക്കാം. ഗതാഗത മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ള ഈ റോബോടാക്സി, 11 ക്യാമറകൾ, 4 റഡാറുകൾ, 4 ലിഡാർ സെൻസറുകൾ എന്നിവ അടങ്ങിയ അത്യാധുനിക സംവിധാനമുപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഈ സാങ്കേതികവിദ്യ വാഹനത്തിന് ചുറ്റുമുള്ള സാഹചര്യങ്ങൾ 360 ഡിഗ്രിയിൽ മനസ്സിലാക്കാനും സുരക്ഷിതമായി സഞ്ചരിക്കാനും സഹായിക്കുന്നു.
യാത്രക്കാരുടെ സുരക്ഷയും സൗകര്യവും കാര്യക്ഷമതയും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായ ഈ സംരംഭം സ്മാർട്ട്, സുസ്ഥിര, സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഗതാഗത സംവിധാനങ്ങളുടെ വികസനത്തിൽ ഒരു പ്രധാന ചുവടുവെപ്പാണ്. അന്താരാഷ്ട്ര കമ്പനികളുമായി സഹകരിച്ചാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam