എയര്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമില്ലെന്ന് ഖത്തര്‍ എയര്‍വെയ്സ്

By Web TeamFirst Published Nov 8, 2019, 12:32 AM IST
Highlights

എയര്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ താൽപ്പര്യമില്ലെന്ന് ഖത്തര്‍ എയര്‍വേയ്സ്. ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിക്ഷേപം നടത്താനാണ് താൽപര്യമെന്നും ഖത്തര്‍ എയര്‍വേയ്സ് വ്യക്തമാക്കി

ദില്ലി: എയര്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ താൽപ്പര്യമില്ലെന്ന് ഖത്തര്‍ എയര്‍വേയ്സ്. ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിക്ഷേപം നടത്താനാണ് താൽപര്യമെന്നും ഖത്തര്‍ എയര്‍വേയ്സ് വ്യക്തമാക്കി. ഇന്‍ഡിഗോയില്‍ ഓഹരിയെടുക്കാന്‍ ഞങ്ങള്‍ കാത്തിരിക്കും. എയര്‍ ഇന്ത്യയില്‍ താത്പര്യമില്ല. 

തെരഞ്ഞെടുത്ത റൂട്ടുകളില്‍ ഇന്‍ഡിഗോയുമായി കോഡ് ഷെയര്‍ കരാറില്‍ ഒപ്പുവച്ച് ഖത്തര്‍ എയര്‍വെയ്സ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബക്കര്‍ പറഞ്ഞു. മുംബൈ, ഹൈദരാബാദ്, വിമാനങ്ങളിലെ സീറ്റുകള്‍ പരസ്പരം പങ്കുവയ്ക്കാനാണ് ഖത്തര്‍ എയര്‍വെയ്സും ഇന്‍ഡിഗോയും ധാരണയായത്.

നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന എയര്‍ ഇന്ത്യയില്‍ ഖത്തര്‍ എയര്‍വെയ്സ് നിക്ഷേപം നടത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 58351 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ ഇപ്പോഴത്തെ കടം. 76 ശതമാനം ഓഹരികള്‍ വിറ്റ് പ്രതിസന്ധി മറികടക്കാന്‍ കഴിഞ്ഞ വര്‍ഷം തീരുമാനിച്ചെങ്കിലും വാങ്ങാന്‍ ആരുമെത്തിയില്ല. 

പിന്നീടാണ് മുഴുവന്‍ ഓഹരികളും വില്‍ക്കാനുള്ള ശ്രമം. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പ്രത്യേക സാന്പത്തിക പാക്കേജിന്‍റെ സഹായത്തിലാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ സാന്പത്തിക വര്‍ഷം മാത്രം 7500 കോടിയോളം രൂപയാണ് എയര്‍ ഇന്ത്യയുടെ നഷ്ടം. ഖത്തറും കൈയ്യൊഴിഞ്ഞതോടെ ഇനിയുള്ള പ്രതീക്ഷ ടാറ്റാ ഗ്രൂപ്പിലാണ്. ഓഹരി വാങ്ങാന്‍ ടാറ്റാഗ്രൂപ്പിന് താത്പര്യമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

click me!