കൊവിഡ് പ്രതിരോധ മരുന്ന്: രണ്ടു കോടി ഡോളര്‍ സഹായം പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍

By Web TeamFirst Published Jun 5, 2020, 8:59 AM IST
Highlights

അന്താരാഷ്ട്ര സഹകരണത്തിന്റെയും പ്രവര്‍ത്തന പരിജ്ഞാനവും പരസ്പരം കൈമാറ്റം ചെയ്യുന്നതിന്റെയും ആവശ്യകതയും പ്രാധാന്യവും കൊവിഡ് കാലം കാണിച്ച് തന്നു. നിലവിലെ പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന് ഇവ രണ്ടും ആവശ്യമാണെന്ന് അമീര്‍ ചൂണ്ടിക്കാട്ടി. 

ദോഹ: കൊവിഡ് 19നെതിരായ പ്രതിരോധ മരുന്നിനായുള്ള ആഗോള ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഖത്തര്‍. രണ്ട് കോടി(20 മില്ല്യണ്‍) ഡോളറിന്റെ സഹായമാണ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പ്രഖ്യാപിച്ചത്. 

ലണ്ടനില്‍ നടക്കുന്ന ലോക വാക്‌സിന്‍ ഉച്ചകോടിക്കിടെയാണ് അമീറിന്റെ പ്രഖ്യാപനം. വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ ചര്‍ച്ചക്കിടെയാണ് ഗ്ലോബല്‍ അലയന്‍സ് ഫോര്‍ വാക്‌സിന്‍സ് ആന്‍ഡ് ഇമ്യൂണൈസേഷന് അമീര്‍ സഹായം പ്രഖ്യാപിച്ചത്.കൊവിഡ് പോരാട്ടത്തില്‍ ലോകാരോഗ്യ സംഘടനയുടെ എല്ലാ ശ്രമങ്ങള്‍ക്കും ഖത്തറിന്റെ പരിപൂര്‍ണ പിന്തുണ ഉറപ്പുനല്‍കുന്നെന്ന് അമീര്‍ വ്യക്തമാക്കി.

അന്താരാഷ്ട്ര സഹകരണത്തിന്റെയും പ്രവര്‍ത്തന പരിജ്ഞാനവും പരസ്പരം കൈമാറ്റം ചെയ്യുന്നതിന്റെയും ആവശ്യകതയും പ്രാധാന്യവും കൊവിഡ് കാലം കാണിച്ച് തന്നു. നിലവിലെ പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന് ഇവ രണ്ടും ആവശ്യമാണെന്ന് അമീര്‍ ചൂണ്ടിക്കാട്ടി. കൊവിഡിനെതിരായ ഫലപ്രദമായ വാക്‌സിനുകളും പ്രതിരോധ മരുന്നുകളും കണ്ടെത്തുന്നതിന് വിവിധ രാജ്യങ്ങള്‍ തമ്മില്‍ പരസ്പര ധാരണയും ശ്രമങ്ങളും അനിവാര്യമാണെന്നും അമീര്‍ വ്യക്തമാക്കി.

20തിലധികം രാജ്യങ്ങള്‍ക്കാണ് ഖത്തര്‍ അടിയന്തര മെഡിക്കല്‍ സഹായം എത്തിച്ചത്. മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍, ഫീല്‍ഡ് ആശുപത്രികള്‍ എന്നിവ ഉള്‍പ്പെടെയാണിത്. കൊവിഡ് വ്യാപനം തടയുന്നതിനും കൊവിഡില്‍ നിന്ന് പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ പ്രതിരോധ, മുന്‍കരുതല്‍ നടപടികളും ഖത്തര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അമീര്‍ പറഞ്ഞു.

വരും തലമുറകളെ പകര്‍ച്ചവ്യാധികളില്‍ നിന്നും സംരക്ഷിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന പുതിയൊരു ലോകം സൃഷ്ടിക്കാന്‍ 740 കോടി ഡോളര്‍ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ലണ്ടനില്‍ ആഗോള വാക്‌സിന്‍ ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്.
 

click me!