
ദോഹ: രാജ്യത്ത് വിപണിയിൽ ലഭ്യമായ ആയിരത്തിലധികം മരുന്നുകളുടെ വില ഗണ്യമായി വെട്ടികുറച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. 1,019 മരുന്നുകൾക്ക് 15 ശതമാനം മുതൽ 75 ശതമാനം വരെ വില കുറച്ചതായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം(എം ഒ പി എച്ച്) അറിയിച്ചു.
ഹൃദ്രോഗം, രക്തസമ്മർദ്ദം, പ്രമേഹം, കാൻസർ, വേദനസംഹാരികൾ, ആൻറി-ഇൻഫ്ലമേറ്ററി, ആന്റിബയോട്ടിക്കുകൾ, പ്രതിരോധശേഷി, അലർജി, മാനസികാരോഗ്യം, ആന്റിഡിപ്രസന്റുകൾ, മാനസിക രോഗം, ദഹനസംബന്ധം, ഭാരം കുറയ്ക്കൽ തുടങ്ങി വിവിധ തരം ചികിത്സാ വിഭാഗങ്ങളിലെ മരുന്നുകൾക്കാണ് വിലക്കുറവ് ബാധകമാകുകയെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഖത്തറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെ വില ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്മെന്റ് സ്ഥിരമായി നിരീക്ഷിക്കുന്നുണ്ടെന്നും, പൊതുജനങ്ങൾ കൂടുതൽ ഉപയോഗിക്കുന്ന ചികിത്സാ വിഭാഗങ്ങളിലെ മരുന്നുകൾ ആദ്യം പരിഗണിച്ചാണ് വിലക്കുറവ് നടപ്പാക്കിയതെന്നും തുടർന്ന് എല്ലാ ചികിത്സാ വിഭാഗങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് ശ്രമമെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ ഡിപ്പാർട്മെന്റ് ഡയറക്ടർ ഡോ.ഐഷ ഇബ്രാഹിം അൽ അൻസാരി അറിയിച്ചു. മരുന്നുകളുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച വരുത്താതെ എല്ലാവർക്കും താങ്ങാനാവുന്ന വിലയിൽ മരുന്നുകൾ ലഭ്യമാക്കുക എന്നതാണ് മന്ത്രാലയത്തിന്റെ ലക്ഷ്യമെന്നും ഡോ. അൽ അൻസാരി വ്യക്തമാക്കി.
അംഗീകൃത വിലനിർണയ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് രജിസ്ട്രേഷൻ സമയത്ത് പ്രാദേശിക വിപണിയിൽ മരുന്നുകളുടെ വില നിശ്ചയിക്കുന്നത്. ഉൽപാദന ചെലവ്, അംഗീകൃത റഫറൻസ് വിലകൾ, പ്രാദേശിക വിപണിയിൽ ലഭ്യമായ മറ്റ് ബദൽ മരുന്നുകളുടെ വില എന്നിവ കണക്കിലെടുത്താണ് ഇത് നിശ്ചയിക്കുന്നത്.
രാജ്യത്ത് രജിസ്റ്റർ ചെയ്ത മരുന്നുകളുടെയും അവയുടെ വിലകളുടെയും പൂർണ പട്ടിക ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ