വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ ജി.സി.സി പൗരന്മാര്‍ക്ക്‌ ഖത്തറില്‍ ക്വാറന്റീന്‍ വേണ്ട

By Web TeamFirst Published May 9, 2021, 2:34 PM IST
Highlights

പുതിയ ഇളവുകള്‍ കഴിഞ്ഞ ദിവസം മുതല്‍ പ്രാബല്യത്തില്‍ വന്നു. വാക്സിന്റെ അവസാന ഡോസ് സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയായിരിക്കണം. ഇത് തെളിയിക്കുന്ന ഔദ്യോഗിക വാക്സിനേഷന്‍ കാര്‍ഡ് ഹാജരാക്കുകയും വേണം.

ദോഹ: ജിസിസി പൗരന്മാര്‍ക്കും കുടുംബത്തിനും അവരുടെ വീട്ടുജോലിക്കാര്‍ക്കും ഖത്തറില്‍ ക്വാറന്റീന്‍ ഇളവ് അനുവദിക്കുന്നതിനുള്ള നിബന്ധനകള്‍ പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഏതെങ്കിലും ജി.സി.സി രാജ്യങ്ങളില്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കാണ് ഇളവ്. ഈ വാക്സിനുകള്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ചതായിരിക്കണമെന്ന വ്യവസ്ഥയുണ്ട്.

പുതിയ ഇളവുകള്‍ കഴിഞ്ഞ ദിവസം മുതല്‍ പ്രാബല്യത്തില്‍ വന്നു. വാക്സിന്റെ അവസാന ഡോസ് സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയായിരിക്കണം. ഇത് തെളിയിക്കുന്ന ഔദ്യോഗിക വാക്സിനേഷന്‍ കാര്‍ഡ് ഹാജരാക്കുകയും വേണം. യാത്ര തുടങ്ങുന്നതിന് 72 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പരിശോധനാ ഫലം ഹാജരാക്കണം. അതത് ജി.സി.സി രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച ലബോറട്ടറികളില്‍ നിന്നുള്ള പരിശോധനാ ഫലമാണ് ആവശ്യം. 

വാക്സിനെടുക്കാത്തവര്‍ ഏഴ് ദിവസം ഹോട്ടല്‍ ക്വറന്റീനില്‍ കഴിയണം. ഡിസ്‍കവര്‍ ഖത്തര്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഹോട്ടലുകള്‍ ബുക്ക് ചെയ്യേണ്ടത്. വാക്സിനെടുത്ത മാതാപിതാക്കള്‍ക്കൊപ്പം വരുന്ന വാക്സിനെടുക്കാത്ത കുട്ടികള്‍ക്കും ഏഴ് ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാണ്.  ഈ സമയത്ത് മാതാപിതാക്കളില്‍ ഒരാള്‍ക്ക് ക്വാറന്റീന്‍ ഇളവ് ലഭിക്കുമെങ്കിലും ഒരാള്‍ കുട്ടിയുടെ ഒപ്പം ക്വാറന്റീനില്‍ കഴിയണം.

click me!