യുഎഇയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

By Web TeamFirst Published May 9, 2021, 12:59 PM IST
Highlights

ടാങ്കര്‍ കാറുമായി കൂട്ടിയിടിച്ച ശേഷം കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ഇടിച്ച് രണ്ട് വാഹനങ്ങള്‍ക്കും തീപ്പിടിക്കുകയായിരുന്നു. 

ദുബൈ: ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്‍ച പുലര്‍ച്ചെയായിരുന്നു സംഭവം. വേഗത്തില്‍ തീപ്പിടിക്കാന്‍ സാധ്യതയുള്ള വസ്‍തുവായിരുന്നു ടാങ്കറിലുണ്ടായിരുന്നതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ റാസ് അല്‍ ഖോര്‍ എക്സിറ്റിന് സമീപം  അബുദാബിയിലേക്കുള്ള ദിശയിലായിരുന്നു അപകടം.  ടാങ്കര്‍ കാറുമായി കൂട്ടിയിടിച്ച ശേഷം കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ഇടിച്ച് രണ്ട് വാഹനങ്ങള്‍ക്കും തീപ്പിടിക്കുകയായിരുന്നു. ഞായറാഴ്‍ച പുലര്‍ച്ചെ 12.06നാണ് അപകടം സംബന്ധിച്ച വിവരം പൊലീസ് കമാന്‍ഡ് റൂമില്‍ ലഭിച്ചത്.

അല്‍ റാഷിദിയ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള അഗ്നിശമന സേനാ സംഘം 12.10ന് തന്നെ സ്ഥലത്തെത്തി. കാറും ടാങ്കറും പൂര്‍ണമായി കത്തിനശിച്ചുവെന്ന് ദുബൈ സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു. 12.23ന് തന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും പരിക്കുകള്‍ ഗുരുതരമല്ല.  ഇവരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

click me!