Latest Videos

കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; ഖത്തറില്‍ 364 പേര്‍ക്കെതിരെ കൂടി നടപടി

By Web TeamFirst Published Jul 22, 2022, 9:43 PM IST
Highlights

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് ആളുകളെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളത്.

ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 364 പേര്‍ കൂടി ബുധനാഴ്ച  (ജൂലൈ 20) പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 361  പേരെയും മാസ്‌ക്  ധരിക്കാത്തതിനാണ് അധികൃതര്‍ പിടികൂടിയത്.   

മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് മൂന്ന് പേരെയും അധികൃതര്‍ പിടികൂടി. പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് ആളുകളെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളത്.

ഏറ്റവും പുതിയ ക്യാബിനറ്റ് തീരുമാനം അനുസരിച്ച് അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കണം. ആരോഗ്യ കേന്ദ്രങ്ങള്‍, ജോലിസ്ഥലം, പൊതുഗതാഗതം, പള്ളികള്‍, ജിമ്മുകള്‍, മാളുകള്‍, കടകള്‍, തിയേറ്ററുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാണ്. ഈ തീരുമാനം ജൂലൈ 7 മുതല്‍ നിലവില്‍ വന്നു.

ഖത്തറിലേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമം; പിടികൂടി കസ്റ്റംസ്

ഖത്തറില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

ദോഹ: ഖത്തറില്‍ ആദ്യ മങ്കി പോക്‌സ് കേസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ വ്യക്തിയിലാണ് രോഗം കണ്ടെത്തിയത്. 

മങ്കിപോക്‌സ് സ്ഥിരീകരിച്ച വ്യക്തിയെ ആശുപത്രി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ വ്യക്തികളെ തിരിച്ചറിഞ്ഞ് ഇവരുടെ ആരോഗ്യ സ്ഥിതി 21 ദിവസത്തേക്ക് നിരീക്ഷിക്കും. ദേശീയ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സയാണ് നല്‍കുന്നതെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗം വേഗത്തില്‍ തിരിച്ചറിയാനും നിയന്ത്രിക്കുന്നതിനും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി. രോഗ നിര്‍ണയത്തിന് ദേശീയ ലബോറട്ടറികള്‍ സജ്ജമാക്കിയിട്ടുണ്ട്. യാത്രക്കാര്‍ ഉള്‍പ്പെടെ എല്ലാവരും ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം. മങ്കി പോക്‌സ് സംബന്ധിച്ച സംശയങ്ങള്‍ക്ക് 16000 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. 

സൗദി അറേബ്യയിലും മങ്കി പോക്സ് ബാധ സ്ഥിരീകരിച്ചിരുന്നു. രാജ്യത്തിന് പുറത്തുപോയി മടങ്ങിയെത്തിയ വ്യക്തിയിലാണ് രോഗബാധ കണ്ടെത്തിയത്. രോഗവ്യാപനം സംബന്ധിച്ച് മന്ത്രാലയം സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും നിരീക്ഷിക്കുകയാണ്. രാജ്യത്തുള്ള എല്ലാവരും പ്രത്യേകിച്ചും യാത്രകളിൽ കർശനമായ ആരോഗ്യ മുൻകരുതൽ നിർദേശങ്ങൾ പാലിക്കണമെന്നും കുരങ്ങുപനിയുമായി ബന്ധപ്പെട്ട സംശയദുരീകരണത്തിനും മറ്റും സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ)യുമായോ 937 എന്ന നമ്പറിലോ ബന്ധപ്പെടണമെന്നും മന്ത്രാലയം അറിയിച്ചു.

click me!