
ദോഹ: ന്യൂനമർദത്തിന്റെ ഫലമായി രാജ്യത്ത് ഡിസംബർ 19 വെള്ളിയാഴ്ച വരെ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും ഇടയ്ക്കിടെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥ വിഭാഗം (ക്യുഎംഡി) അറിയിച്ചു. ചില പ്രദേശങ്ങളിൽ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും ഇത് കാഴ്ചപരിധി കുറയാൻ കാരണമായേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഈ ദിവസങ്ങളിൽ ശക്തമായ കാറ്റും കടൽക്ഷോഭവും ഉണ്ടാകുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും എല്ലാ സമുദ്ര യാത്രകളും ഒഴിവാക്കണമെന്നും ഖത്തർ കാലാവസ്ഥാ വിഭാഗം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഇടിയോടുകൂടിയ മഴയുണ്ടാകുന്ന സമയങ്ങളിൽ സ്ഥിതി കൂടുതൽ പ്രതികൂലമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. വരും ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകുമെന്നതിനാൽ രാജ്യത്തുടനീളമുള്ള തുറന്ന പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ഫാമുകളുടെയും ക്യാമ്പുകളുടെയും ഉടമകൾക്കും അധികൃതർ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശൈത്യകാലം ആരംഭിച്ചതോടെ ഖത്തറിൽ ക്യാമ്പിങ് സീസൺ സജീവമായിട്ടുണ്ട്.
താഴ്ന്നു വീഴുന്ന ശക്തമായ കാറ്റിനെതിരെ ടെന്റുകളും മറ്റ് ക്യാമ്പിങ് സംവിധാനങ്ങളും സുരക്ഷിതമാക്കാനും ഉയർന്ന ജാഗ്രത പാലിക്കാനും കാലാവസ്ഥ വകുപ്പ് നിർദ്ദേശിച്ചു. കൂടാതെ ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങൾക്കായി കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരണമെന്നും അധികൃതർ നിർദേശിച്ചു. അതേസമയം, ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞദിവസം പുലർച്ചെ മഴ ലഭിച്ചിരുന്നു. ചില ഭാഗങ്ങളിൽ ശക്തമായ കാറ്റു വീശുകയും മഴയുടെ സമയത്ത് അവ ശക്തി പ്രാപിക്കുകയും ചെയ്തതായി കാലാവസ്ഥ വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഖത്തറിൽ ഇപ്പോൾ തപനില കുറഞ്ഞ് വരുന്നതിനാൽ കുടുതൽ ശൈത്യകാല തണുപ്പ് അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam