
ദോഹ: പഹൽഗാം ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് ഖത്തര്‍. ഖത്തർ അമീറുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ടെലിഫോണിൽ സംസാരിച്ചു. സംഭാഷണത്തില്‍ ഖത്തര്‍ ഇന്ത്യയ്ക്ക് പിന്തുണ അറിയിക്കുകയും പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുകയും ചെയ്തു.
പഹൽഗാം ഭീകരാക്രമണത്തിൽ അനുശോചനം അറിയിച്ച അമീർ, ആക്രമണത്തിനിരയായവരുടെയും കുടുംബങ്ങളുടെയും വേദനയയിൽ പങ്കുചേരുന്നതായും പ്രധാനമന്ത്രിയെ അറിയിച്ചു. ഭീകരതക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഖത്തർ അമീർ പൂർണ പിന്തുണ അറിയിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ‘എക്സ്’ പ്ലാറ്റ്ഫോം വഴി പങ്കുവെച്ചു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനുള്ള എല്ലാ നടപടികൾക്കും അമീർ പിന്തുണ അറിയിച്ചുവെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
ഖത്തർ അമീറിന്റെ സന്ദേശത്തിനും പിന്തുണക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. ഇന്ത്യ-ഖത്തർ തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കുന്നത് സംബന്ധിച്ചും ഇരു നേതാക്കളും ചർച്ച നടത്തി. കഴിഞ്ഞ ഫെബ്രുവരിയിൽ അമീറിന്റെ ഇന്ത്യാ സന്ദർശന വേളയിൽ എടുത്ത തീരുമാനങ്ങൾ പ്രാബല്ല്യത്തിൽ വരുത്തുന്നത് സംബന്ധിച്ചും ഇരുവരും സംസാരിച്ചു.
അതേസമയം ഇന്ത്യ-പാകിസ്ഥാൻ ബന്ധം വഷളായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമാധാന ശ്രമങ്ങൾക്ക് പിന്തുണയുമായി ഖത്തർ നേരത്തെ രംഗത്തെത്തിയിരുന്നു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി, പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് സമാധാന ശ്രമങ്ങൾക്ക് ഖത്തറിന്റെ പിന്തുണ വാഗ്ദാനം ചെയ്തത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷവും നിലവിലെ സാഹചര്യങ്ങളും നയതന്ത്രത്തിലൂടെ അത് പരിഹരിക്കാനുള്ള മാർഗങ്ങളെ കുറിച്ചും ഇരുനേതാക്കളും ചർച്ച നടത്തി.
പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും ഇരു രാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ചർച്ചകളിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും പരിഹരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും ഖത്തറിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് ഖത്തർ പ്രധാനമന്ത്രി ഉറപ്പ് നൽകിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ