
ദോഹ: 2029ൽ നടക്കുന്ന അടുത്ത ക്ലബ് ഫുട്ബോള്‍ ലോകകപ്പിന് ആതിഥേയരാകാന്‍ ഖത്തര്‍ സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. 2022 ഫിഫ ലോകകപ്പ് ഫുട്ബോളിന് ഒരുക്കിയ സൗകര്യങ്ങള്‍ ഉപയോഗിച്ച് മികച്ച രീതിയില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനാകുമെന്ന് ഖത്തര്‍ ഫിഫയെ അറിയിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലോകകപ്പിന് ഉപയോഗിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള എട്ട് സ്റ്റേഡിയങ്ങള്‍ ഖത്തറിലുണ്ട്. ഇവയെല്ലാം അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്. അമേരിക്കയില്‍ ഇപ്പോള്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ താരങ്ങള്‍ക്ക് 11 നഗരങ്ങളിലേക്ക് യാത്ര ചെയ്യേണ്ട സാഹചര്യമുണ്ട്. ഖത്തറില്‍ ടൂര്‍ണമെന്റ് നടക്കുമ്പോൾ കളിക്കാര്‍ക്കും ആരാധകര്‍ക്കും ഈ ബുദ്ധിമുട്ട് ഒഴിവാക്കാമെന്നാണ് ഫിഫക്ക് മുന്നില്‍ ഖത്തർ വെച്ച പ്രധാന അവകാശവാദം. ഒപ്പം കാർബൺ ന്യൂട്രൽ ടൂർണമെന്റും ഖത്തർ വാഗ്ദാനം ചെയ്യുന്നുണ്ട്.
അതേസമയം, നിലവിലെ ഷെഡ്യൂള്‍ പ്രകാരം ഖത്തറില്‍ ടൂര്‍ണമെന്റ് നടത്താനാവില്ല. ജൂൺ-ജൂലൈ മാസങ്ങളിലാണ് മത്സരങ്ങൾ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. വേനൽക്കാലമായതിനാൽ ഖത്തറിൽ ചൂട് കഠിനമാകുമെന്നതിനാൽ ശൈത്യകാലം തുടങ്ങുന്ന ഡിസംബറിലേക്ക് ടൂര്‍ണമെന്റ് മാറ്റേണ്ടിവരും. യൂറോപ്യന്‍ ലീഗുകളുടെ ഷെഡ്യൂളിനെ ഇത് ബാധിക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ യുവേഫ എതിര്‍പ്പ് ഉന്നയിക്കുമെന്ന് ഉറപ്പാണ്. ഖത്തറിന് പുറമെ, 2030 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രണ്ട് രാജ്യങ്ങളായ സ്പെയിനും മൊറോക്കോയും ബ്രസീലിനൊപ്പം സംയുക്തമായി ആതിഥേയത്വത്തിന് താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ