ഉച്ചവിശ്രമ നിയമം ലംഘിച്ച 97 കമ്പനികള്‍ക്കെതിരെ നടപടി

By Web TeamFirst Published Jul 14, 2019, 4:48 PM IST
Highlights

നിയമം ലംഘിച്ച കമ്പനികളുടെ വര്‍ക്ക് സൈറ്റുകള്‍ നിശ്ചിത ദിവസത്തേക്ക് അടച്ചിടാന്‍ തൊഴില്‍ മന്ത്രാലയം ഉത്തരവിട്ടു. കടുത്ത ചൂട് കണക്കിലെടുത്ത് ഖത്തറില്‍ ജൂണ്‍ 15ന് ആരംഭിച്ച നിര്‍ബന്ധിത ഉച്ചവിശ്രമം ഓഗസ്റ്റ് 31 വരെ തുടരും.

ദോഹ: ഖത്തറില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ച് ജീവനക്കാരെക്കൊണ്ട് ജോലി ചെയ്യിപ്പിച്ച 97 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി അധികൃതര്‍. നിര്‍മാണ, വ്യവസായ, കാര്‍ഷിക രംഗങ്ങളിലെ സ്ഥാപനങ്ങളിലാണ് തൊഴില്‍ മന്ത്രാലത്തിലെ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കിടെ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.

നിയമം ലംഘിച്ച കമ്പനികളുടെ വര്‍ക്ക് സൈറ്റുകള്‍ നിശ്ചിത ദിവസത്തേക്ക് അടച്ചിടാന്‍ തൊഴില്‍ മന്ത്രാലയം ഉത്തരവിട്ടു. കടുത്ത ചൂട് കണക്കിലെടുത്ത് ഖത്തറില്‍ ജൂണ്‍ 15ന് ആരംഭിച്ച നിര്‍ബന്ധിത ഉച്ചവിശ്രമം ഓഗസ്റ്റ് 31 വരെ തുടരും. ഇക്കാലയളവില്‍ രാവിലെ 11.30 മുതല്‍ വൈകുന്നേരം മൂന്ന് മണിവരെ ജീവനക്കാരെക്കൊണ്ട് പുറം ജോലികള്‍ ചെയ്യിപ്പിക്കുന്നത് അധികൃതര്‍ വിലക്കിയിട്ടുണ്ട്. ഇതിന്പുറമെ തൊഴിലാളികള്‍ക്ക് ആവശ്യമായ വെള്ളം, ചൂടിന്റെ ആഘാതത്തില്‍ നിന്ന് അവരെ സംരക്ഷിക്കുന്നതിനായി ഭാരം കുറഞ്ഞ വസ്ത്രങ്ങള്‍ എന്നിവ നല്‍കാനും കമ്പനികള്‍ ബാധ്യസ്ഥരാണ്. ഇക്കാര്യങ്ങളില്‍ വ്യാപകമായ ബോധവത്കരണവും നടത്തിവരികയാണ്. നിയമലംഘനം നടത്തുന്ന കമ്പനികളെ കണ്ടെത്താന്‍ വരും ദിവസങ്ങളിലും കര്‍ശന പരിശോധന നടത്താനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം.

click me!