
ദോഹ: രാജ്യത്തെ എല്ലാ വാഹനങ്ങളുടെയും നിലവിലുള്ള നമ്പർ പ്ലേറ്റുകളുടെ രൂപകൽപ്പന പുതുക്കാൻ പദ്ധതി പ്രഖ്യാപിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. ആധുനിക സ്മാർട്ട് ട്രാഫിക് സംവിധാനത്തിന് അനുസൃതമായ അന്താരാഷ്ട്ര നിലവാരമുള്ള നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
വാഹന നമ്പർ പ്ലേറ്റുകളുടെ ദൃശ്യത മെച്ചപ്പെടുത്തുക, പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുക, കൂടുതൽ വ്യക്തവും കൃത്യവുമായ മാനദണ്ഡങ്ങളിൽ ഏകീകരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി. ഭാവിയിൽ രാജ്യത്ത് വാഹനങ്ങളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യം പരിഗണിച്ച് വ്യത്യസ്ത ഓപ്ഷനുകൾ ഉൾക്കൊണ്ടുള്ള ഒരു സമഗ്ര വികസന പദ്ധതിയുടെ ഭാഗമാണിത്. നിരവധി ഘട്ടങ്ങളിലായാണ് പുതിയ നമ്പർ പ്ലേറ്റുകളുടെ പദ്ധതി നടപ്പാക്കുക. സ്വകാര്യ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിലായിരിക്കും ആദ്യഘട്ടത്തിൽ മാറ്റം വരുത്തുക. ഇവയ്ക്ക് നിലവിലുള്ള നമ്പറിന് മുമ്പിൽ 'ക്യു' എന്ന അക്ഷരം ചേർക്കും. പിന്നീട് 'ടി', 'ആർ' എന്നീ അക്ഷരങ്ങൾ ഘട്ടം ഘട്ടമായി ഉപയോഗിക്കും.
ആദ്യഘട്ടത്തിൽ ഡിസംബർ 13 മുതല് 16 വരെ സൂം ആപ്ലിക്കേഷൻ വഴി പ്രത്യേക നമ്പർ പ്ലേറ്റ് സ്വന്തമാക്കുന്ന വാഹനങ്ങൾക്ക് 'ക്യു' എന്ന അക്ഷരമുള്ള പുതിയ പ്ലേറ്റുകൾ അനുവദിക്കും. വാഹന ലൈസൻസിങ് സംവിധാനത്തിൽ ഏപ്രിൽ ഒന്നുമുതൽ പുതിയതായി രജിസ്റ്റർ ചെയ്യുന്ന സ്വകാര്യ വാഹനങ്ങൾക്ക് പുതുക്കിയ നമ്പർ പ്ലേറ്റുകൾ നൽകുന്നതാണ് രണ്ടാമത്തെ ഘട്ടം. ഇവക്ക് ആ സമയം ലഭ്യമായ 'ക്യു', 'ടി', 'ആർ' എന്നീ അക്ഷരങ്ങളിൽ ഒന്ന് ക്രമാനുസരണം അനുവദിക്കും. മൂന്നാം ഘട്ടത്തിൽ നിലവിൽ രജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങളുടെയും നമ്പർ പ്ലേറ്റുകൾ 'ക്യു' അക്ഷരം ചേർത്തു പുതുക്കും. ഇതിന്റെ സമയക്രമം പിന്നീട് അറിയിക്കും. സ്വകാര്യേതര വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മാറ്റം പദ്ധതിയുടെ അടുത്ത ഘട്ടങ്ങളിലായിരിക്കും. ഇത് പിന്നീട് പ്രഖ്യാപിക്കും.
ഇവയ്ക്ക് രണ്ട് അക്ഷരങ്ങൾ ചേർക്കുന്ന രീതിയിൽ പുതിയ പ്ലേറ്റുകൾ നൽകും. നിലവിലുള്ള അതേ നിരക്കുകൾ പ്രകാരം തന്നെയാകും പുതിയ നമ്പർ പ്ലേറ്റുകൾ നൽകുകയെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ സമയക്രമം പ്രഖ്യാപിക്കുന്നതുവരെ വാഹന പെർമിറ്റ് പുതുക്കൽ അല്ലെങ്കിൽ തകരാറിലായ പ്ലേറ്റ് മാറ്റുന്നത് പോലുള്ളവ നിലവിലുള്ള നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ച് ചെയ്യുന്നത് തുടരാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam