
ദോഹ: ഖത്തറില്‍ മലയാളി വിദ്യാര്‍ത്ഥിനി മിന്‍സ മറിയം ജേക്കബിന്റെ മരണത്തിന് കാരണമായത് സ്‍കൂള്‍ ജീവനക്കാരുടെ അശ്രദ്ധയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഉത്തരവാദികള്‍ക്കെതിരെ ഏറ്റവും കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ - ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ട്വീറ്റ് ചെയ്‍തു.
നാല് വയസുകാരിയായ മിന്‍സ പഠിച്ചിരുന്ന അല്‍ വക്റയിലെ സ്പ്രിങ്ഫീല്‍ഡ് കിന്റര്‍ ഗാര്‍ഡന്‍ വിദ്യാഭ്യാസ മന്ത്രാലയം അടച്ചുപൂട്ടിയിരുന്നു. വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ സ്‍കൂള്‍ ജീവനക്കാരുടെ അശ്രദ്ധ വ്യക്തമായതിനെ തുടര്‍ന്നാണിത്. നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം ബന്ധുക്കള്‍ക്ക് കൈമാറിയ മിന്‍സയുടെ മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തിച്ചു.
ഞായറാഴ്ച രാവിലെ തന്റെ നാലാം ജന്മദിനത്തില്‍ സ്‍കൂളിലേക്ക് പോയ മിന്‍സ മറിയം ജേക്കബ്, സ്‍കൂള്‍ ബസിലിരുന്ന് ഉറങ്ങിപ്പോയത് ശ്രദ്ധിക്കാതെ ബസ് ജീവനക്കാര്‍ വാഹനം ലോക്ക് ചെയ്‍ത് പുറത്തുപോവുകയായിരുന്നു. കൊടും ചൂടില്‍ മണിക്കൂറുകളോളം ബസിനുള്ളില്‍ കുടുങ്ങിപ്പോയതാണ് കുട്ടിയുടെ മരണത്തിന് കാരണമായത്. മണിക്കൂറുകള്‍ക്ക് ശേഷം 11.30ഓടെ ജീവനക്കാര്‍ ഡ്യൂട്ടിക്കായി തിരികെ എത്തിയപ്പോഴാണ് ബസിനുള്ളില്‍ അവശ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവത്തില്‍ ഖത്തര്‍ വിദ്യാഭ്യാസ - ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും മറ്റ് വിവിധ സര്‍ക്കാര്‍ വകുപ്പുകളും അന്വേഷണം നടത്തിയിരുന്നു. ഖത്തര്‍ വിദ്യാഭ്യാസ മന്ത്രി ബുഥെയ്‍ന ബിന്‍ത് അലി അല്‍ നുഐമി മിന്‍സയുടെ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചു. സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് ഖത്തറിലെ സ്വദേശികള്‍ ഉള്‍പ്പെടെ സാമൂഹിക മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam