
ദോഹ: ഇറാനുനേരെയുള്ള ഇസ്രായേൽ-യു.എസ് ആക്രമണത്തെത്തുടർന്ന് മേഖലയിൽ അസ്വസ്ഥതകൾ നിലനിൽക്കുന്നുണ്ടെങ്കിലും ഖത്തറിലെ സുരക്ഷാ സാഹചര്യം പൂർണ്ണമായും തൃപ്തികരമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്ത് നിലവിൽ യാതൊരുവിധ സുരക്ഷാ ഭീഷണികളും ഇല്ലെന്നും ജനജീവിതം സാധാരണ നിലയിലാണെന്നും അധികൃതർ ഔദ്യോഗിക പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഖത്തറിലെ സുരക്ഷയെക്കുറിച്ച് തെറ്റായ പ്രചരണങ്ങൾ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. ഖത്തർ പൂർണ്ണമായും സുരക്ഷിതമാണെന്നും രാജ്യത്തെ ക്രമസമാധാന നില ഭദ്രമാണെന്നും മന്ത്രാലയം ഉറപ്പുനൽകി. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരണങ്ങളിൽ പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. അനാവശ്യമായ ഭീതി പടർത്തുന്ന വാർത്തകളോടും അഭ്യൂഹങ്ങളോടും പൊതുജനങ്ങൾ പ്രതികരിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും, തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഏത് സാഹചര്യവും നേരിടാൻ രാജ്യം സജ്ജമാണെന്നും സുരക്ഷാ ഏജൻസികൾ ജാഗ്രതയോടെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. പൊതുജനങ്ങൾക്ക് തങ്ങളുടെ ദൈനംദിന കാര്യങ്ങളുമായി സാധാരണ നിലയിൽ മുന്നോട്ട് പോകാമെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം, ഖത്തറിലെ സുരക്ഷാ സാഹചര്യം സുസ്ഥിരമാണെങ്കിലും, മുൻകരുതൽ നടപടികളുടെ ഭാഗമായി രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും ആഭ്യന്തര മന്ത്രാലയം പ്രത്യേക സുരക്ഷാ സന്ദേശങ്ങൾ അയച്ചു. ശനിയാഴ്ച ഉച്ചയോടെ മൊബൈൽ ഫോണുകളിൽ ലഭ്യമായ സന്ദേശത്തിൽ, അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും സുരക്ഷിതരായി വീടുകളിൽ തന്നെ തുടരണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.
പൊതുസുരക്ഷ കണക്കിലെടുത്ത് സൈനിക കേന്ദ്രങ്ങളുടെയോ തന്ത്രപ്രധാനമായ ഇടങ്ങളുടെയോ പരിസരങ്ങളിൽ തടിച്ചുകൂടരുതെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്. അപകടസാധ്യതകൾ മുൻകൂട്ടി കണ്ട് ഒഴിവാക്കുന്നതിനാണ് ഈ നിയന്ത്രണങ്ങൾ.
കൂടാതെ, സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വാർത്തകളോ വീഡിയോ ക്ലിപ്പുകളോ വിശ്വസിക്കുകയോ കൈമാറുകയോ ചെയ്യരുത്. ഇത്തരം തെറ്റായ വിവരങ്ങൾ ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി പടർത്താൻ കാരണമാകും. ഔദ്യോഗികമായ അറിയിപ്പുകൾ മന്ത്രാലയത്തിന്റെ പ്ലാറ്റ്‌ഫോമുകളിലൂടെ യഥാസമയം ലഭ്യമാക്കുമെന്നും, കൃത്യമായ വിവരങ്ങൾക്കായി മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ പേജുകൾ അല്ലെങ്കിൽ വിശ്വസനീയമായ വാർത്താ മാധ്യമങ്ങളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam