പശ്ചിമേഷ്യയിൽ ഇറാൻ്റെ മിസൈൽ വർഷം; അബുദാബി, ദോഹ നഗരങ്ങളിൽ ആക്രമണം; ദുബായിൽ സ്ഫോടന ശബ്ദം കേട്ടതായി ദൃക്സാക്ഷികൾ

Published : Feb 28, 2026, 07:31 PM IST
iran attack

Synopsis

ഇസ്രയേലിനും അമേരിക്കയ്ക്കും മറുപടിയായി ഇറാൻ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ശക്തമായ തിരിച്ചടി ആരംഭിച്ചു. യുഎഇ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലെ യുഎസ് സൈനികത്താവളങ്ങളെ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. അബുദാബിയിൽ ഒരു പ്രവാസി കൊല്ലപ്പെട്ടു. 

ദുബായ്: ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഇറാന്‍റെ ശക്തമായ തിരിച്ചടി. ഖത്തറിലെയും യുഎഇയിലെയും യുഎസ് സൈനികത്താവളങ്ങളെ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലാക്രമണം തുടങ്ങി ഇറാൻ. യുഎഇയിലെ അബുദാബി, ദുബായ്, ഖത്തറിലെ ദോഹ എന്നിവിടങ്ങളിൽ ശനിയാഴ്ച ഇറാൻ മിസൈൽ ആക്രമണം നടത്തി. സൗദി അറേബ്യയിലെ റിയാദിലും സ്ഫോടന ശബ്ദം കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇതോടെ മിഡിൽ ഈസ്റ്റ് മേഖല അതീവ ഗുരുതരമായ സുരക്ഷാ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

യുഎഇയിൽ ഒരു മരണം

അബുദാബിയിലെ ജനവാസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് ഏഷ്യൻ വംശജനായ ഒരു പ്രവാസി കൊല്ലപ്പെട്ടതായി യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇത് സമാധാനാന്തരീക്ഷം തകർക്കുന്ന ഭീരുത്വപരമായ നടപടിയാണെന്ന് മന്ത്രാലയം പ്രസ്താവിച്ചു. ദുബായിൽ ശക്തമായ സ്ഫോടന ശബ്ദം കേട്ടതായും ആകാശത്ത് തീഗോളങ്ങൾ കണ്ടതായും ദൃക്സാക്ഷികളെ ഉദ്ധരിച്ച് വാർ‍ത്താ ഏജൻസിയായ എ എഫ് പി റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിന്‍റെ ആഘാതത്തിൽ കെട്ടിടങ്ങളുടെ ജനൽ ചില്ലകൾ തകർന്നതായി എ എഫ് പി റിപ്പോര്‍ട്ടിൽ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം പുറത്തു വന്നിട്ടില്ല.

യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യം

അമേരിക്കൻ സൈനിക സാന്നിധ്യമുള്ള മേഖലകളെയാണ് ഇറാൻ പ്രധാനമായും ലക്ഷ്യം വച്ചിരിക്കുന്നത്. അബുദാബിയിലെ അൽ ദാഫ്ര, ദോഹയിലെ അൽ ഉദൈദ്, റിയാദിലെ പ്രിൻസ് സുൽത്താൻ എയർ ബേസ് എന്നിവിടങ്ങളിൽ യുഎസ് സൈനിക കേന്ദ്രങ്ങളുണ്ട്.

ബഹ്‌റൈനിലെ മനാമയിലുള്ള യുഎസ് നേവിയുടെ അഞ്ചാം കപ്പൽ പടയുടെ ആസ്ഥാനത്തിന് നേരെയും മിസൈൽ ആക്രമണമുണ്ടായി. തങ്ങൾക്ക് നേരെ വന്ന ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാശനഷ്ടങ്ങളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല. കുവൈത്തും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം വഴി മിസൈലുകളെ നേരിട്ടു.

ജാഗ്രതാ നിർദ്ദേശം

വീണുകിടക്കുന്ന മിസൈൽ അവശിഷ്ടങ്ങളിലോ തിരിച്ചറിയാത്ത വസ്തുക്കളിലോ തൊടരുതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ജോർദാനിലും അപകട സൈറണുകൾ മുഴങ്ങിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും; അഞ്ച് അറബ് രാജ്യങ്ങളുടെ പരമാധികാരം ഇറാൻ ലംഘിച്ചു, ശക്തമായി അപലപിച്ച് സൗദി അറേബ്യ
പശ്ചിമേഷ്യ പുകയുന്നു; റിയാദിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടെന്ന് റിപ്പോർട്ട്, അതീവ ജാഗ്രത