
ദോഹ: ഖത്തറിലെ തൊഴിലാളികള്‍ക്ക് മിനിമം വേതനം നിശ്ചയിച്ചുകൊണ്ട് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുടെ ഉത്തരവ്. ഇതോടൊപ്പം പ്രവാസി തൊഴിലാളികള്‍ക്ക് ജോലി മാറുന്നതിന് എന്‍.ഒ.സി ആവശ്യമില്ലെന്നതടക്കമുള്ള മാറ്റങ്ങള്‍ സംബന്ധിച്ചുള്ള ഉത്തരവുകളും അമീര്‍ പുറത്തിറക്കി.
2020ലെ പതിനേഴാം നമ്പര്‍ നിയമമായിട്ടായിരിക്കും പുതിയ മിനിമം വേതന ഉത്തരവ് അറിയപ്പെടുക. ഇതനുസരിച്ച് ഗാര്‍ഹിക തൊഴിലാളികളടക്കമുള്ള എല്ലാ സ്വകാര്യ മേഖലാ തൊഴിലാളികള്‍ക്കും 1000 റിയാലായിരിക്കും മിനിമം വേതനം. ഇതോടൊപ്പം തൊഴിലാളികള്‍ക്ക് മാന്യമായ ഭക്ഷണ, താമസ സൗകര്യങ്ങള്‍ തൊഴിലുടമ നല്‍കുന്നില്ലെങ്കില്‍ താമസ ചിലവായി മാസം 500 റിയാലും ഭക്ഷണ ചിലവായി മാസം 300 റിയാലും അധികം നല്‍കണം.
ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന മിനിമം വേതനത്തില്‍ കുറഞ്ഞ ശമ്പളം നല്‍കുന്നവരുടെ തൊഴില്‍ കരാര്‍ തൊഴിലുടമകള്‍ പുതുക്കേണ്ടി വരും. ഇതിനായി അഡ്‍മിനിസ്‍ട്രേറ്റീവ് ഡെവലപ്‍മെന്റ്, ലേബര്‍ ആന്റ് സോഷ്യല്‍ അഫയേഴ്‍സ് മന്ത്രാലയം തൊഴിലുടമകളുമായി ചേര്‍ന്ന് സംവിധാനമുണ്ടാക്കും. പുതിയ ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ആറ് മാസം കഴിയുമ്പോഴായിരിക്കും നിലവില്‍ വരിക. വിവിധ രംഗങ്ങളുടെ വിദദ്ധരെ അടക്കം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വിശദമായ പരിശോധനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് മിനിമം വേതനം നിശ്ചയിച്ചത്. മിഡില്‍ ഈസ്റ്റില്‍ തന്നെ ആദ്യമായി നടപ്പാക്കപ്പെടുന്ന ഇത്തരമൊരു നിയമം, ഖത്തറിലെ തൊഴില്‍ വിപണിയെ കുടുതല്‍ ശക്തമാക്കുമെന്നാണ് അധികൃതകരുടെ പ്രതീക്ഷ.
നേരത്തെയുണ്ടായിരുന്ന തൊഴില്‍ നിയമങ്ങളിലെ ചില വകുപ്പുകളില്‍ മാറ്റം വരുത്തിക്കൊണ്ട് പുതിയ ഉത്തരവുകളും ഖത്തര്‍ അമീര്‍ പുറത്തിറക്കി. പ്രവാസി തൊഴിലാളികളുടെ രാജ്യത്തേക്കുള്ള പ്രവേശനം, അവരുടെ തിരിച്ചുപോക്ക്, അവരുടെ അവകാശങ്ങള്‍, തൊഴില്‍ മാറ്റം തുടങ്ങിയവ പ്രതിപാദിക്കുന്ന നിയമങ്ങളാണിവ. തൊഴിലാളികള്‍ക്ക് പ്രത്യേക എന്‍.ഒ.സിയില്ലാതെ ജോലി മാറാനാവും എന്നതാണ് ഇവയില്‍ പ്രധാന നിര്‍ദേശം. തൊഴില്‍ മാറുന്നതിലെ സങ്കീര്‍ണതകള്‍ ഒഴിവാകുന്നതിന് പുറമെ ഏറ്റവും നല്ല തൊഴിലാളികളെ കണ്ടെത്താന്‍ തൊഴിലുടമകള്‍ക്ക് പുതിയ നിയമം സഹായകമാകുമെന്നാണ് വിലയിരുത്തലുകള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam