
ദോഹ: വേനൽക്കാല വിനോദ പരിപാടികളുടെ ഭാഗമായി ഖത്തർ ടൂറിസം സംഘടിപ്പിക്കുന്ന ഖത്തർ ടോയ് ഫെസ്റ്റിവലിന്റെ മൂന്നാമത് പതിപ്പ് ജൂലൈ ആറിന് തുടങ്ങും. ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ വേദിയാകുന്ന ഫെസ്റ്റിവൽ ആഗസ്റ്റ് നാല് വരെ തുടരും. വിപുലമായ കാഴ്ചകളും കളികളും ഒരുക്കിയാണ് ടോയ് ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പ് എത്തുന്നത്.
വിസിറ്റ് ഖത്തർ ഒരുക്കുന്ന ഫെസ്റ്റിവലിൽ എല്ലാ പ്രായത്തിലുമുള്ളവർക്കും കുട്ടികൾക്കും വേണ്ടിയുള്ള രസകരമായ പ്രവർത്തനങ്ങൾ ഉണ്ടായിരിക്കും. ഇതുവരെ നടന്നതിൽ വെച്ച് ഏറ്റവും വലിയതായിരിക്കും ഇത്തവണത്തെ ഫെസ്റ്റിവൽ. ബാർബി, മാർവൽ, ആംഗ്രി ബേർഡ്സ്, ഡിസ്‌നി പ്രിൻസസ് തുടങ്ങി കുട്ടികളുടെ പ്രിയപ്പെട്ട കൂട്ടുകാരെല്ലാം ഖത്തർ ടോയ് ഫെസ്റ്റിവലിൽ സംഗമിക്കും. ഹോട്ട് വീൽസ്, ഷോൺ ദി ഷീപ്പ്, ബാർബി, ഡിസ്‌നി പ്രിൻസസസ്, കൊക്കോമെലൺ, മിറാക്കുലസ് തുടങ്ങിയ ജനപ്രിയ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള തീം ഏരിയകൾ ഫെസ്റ്റിവലിൽ ഉണ്ടായിരിക്കും. കുട്ടികൾക്ക് മീറ്റ്-ആൻഡ്-ഗ്രീറ്റുകൾ ആസ്വദിക്കാനും രസകരമായ ഗെയിമുകളിലും ഷോകളിലും പങ്കെടുക്കാനും കഴിയും.
ഹൊറർ ഹൗസ്, പബ്ജി തീം സോൺ, ബാറ്റിൽ ഗ്രൗണ്ട്, ഷെർലക് ഹോംസ് എസ്‌കേപ് റൂം, ഫ്രൈഡേ നൈറ്റ് അറ്റ് ഫ്രെഡീസ് എക്സ്പീരിയൻസ് തുടങ്ങി വിനോദവും വിജ്ഞാനവും പകരുന്ന കേന്ദ്രങ്ങൾ ഫെസ്റ്റിവലിൽ ഉണ്ടാകും. സ്റ്റേജ് ഷോകൾ, സംഗീത പരിപാടികൾ, സയൻസ് ഡെമോകൾ, നൃത്ത പ്രകടനങ്ങൾ തുടങ്ങി മുതിർന്നവർക്ക് കൂടി ആസ്വദിക്കാനുള്ള പരിപാടികൾ അരങ്ങേറും. എല്ലാ ദിവസവും അറുപതിലധികം പരേഡുകൾ നടക്കും. അൻപതിലധികം മാസ്‌കോട്ടുകളും പ്രത്യേക അതിഥികളും ഈ വിനോദത്തിൽ പങ്കുചേരും.
ഖത്തറിലെ വേനൽക്കാല പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്നതാണ് ടോയ് ഫെസ്റ്റിവൽ. പുറത്തെ ചൂടിൽ നിന്ന് മാറി കുട്ടികൾക്ക് വേനലവധി ആസ്വദിക്കാൻ വിഭവങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം. നാല് മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് വേനലവധി ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ