സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യത

By Web TeamFirst Published Dec 5, 2022, 2:42 PM IST
Highlights

കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. ജുബൈല്‍, ഖത്തീഫ്, ദമാം, ദഹ്‌റാന്‍, അല്‍കോബാര്‍, അബ്‌ഖൈഖ്, അല്‍ഹസാ, മജ്മ, സുല്‍ഫി, ശഖ്‌റാ, റുമാഹ്, ജിസാന്‍, അസീര്‍, അല്‍ബാഹ, മദീന, മക്ക എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.

Read More - നിയമലംഘകര്‍ക്ക് അഭയം നല്‍കിയ ഒന്‍പത് പേര്‍ സൗദി അറേബ്യയിൽ അറസ്റ്റിലായി

അതേസമയം സൗദി അറേബ്യയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കാണാതായയാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. സൗദി പൗരനായ സാലിം അല്‍ ബഖമി എന്ന അറുപത് വയസുകാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ജിദ്ദയില്‍ പെയ്ത കനത്ത മഴയിലാണ് ഇയാളെ കാണാതായത്.

ജിദ്ദയ്ക്ക് സമീപം ബഹ്റയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് വെള്ളക്കെട്ടില്‍ സാലിം അല്‍ ബഖമിയെ കാണാതായത്. വെള്ളക്കെട്ടില്‍ അദ്ദേഹത്തിന്റെ കാര്‍ ഒഴുക്കില്‍പെടുകയായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലില്‍ അദ്ദേഹത്തിന്റെ കാര്‍ വാദി ഫാത്തിമക്ക് സമീപം കണ്ടെത്തിയെങ്കിലും സാലിം അല്‍ ബഖമിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. സുരക്ഷാ വകുപ്പുകളും സിവില്‍ ഡിഫന്‍സും നാഷണല്‍ ഗാര്‍ഡും നാവിക സേനയും സന്നദ്ധ സേവന സംഘങ്ങളും കൂടി തെരച്ചില്‍ നടത്തിവരികയായിരുന്നു. വാദിഫാത്തിമയില്‍ നിന്ന് തന്നെയാണ് മൃതദേഹവും കണ്ടെടുത്തത്.

Read More -  സൗദി അറേബ്യയില്‍ ബസ് അപകടത്തില്‍പെട്ട് നാല് മരണം

ഏതാനും ദിവസം മുമ്പ് മദീനയിലെ സുവൈർഖിയയിൽ മഴവെള്ളപ്പാച്ചിലിൽപ്പെട്ട ഏഴ് പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തിയിരുന്നു. ട്വിറ്ററിലൂടെയാണ്  ഇക്കാര്യം അറിയിച്ചത്. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. മദീനയിൽ ഹറം പരിസരം ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ സമാന്യം നല്ല മഴയാണ് ലഭിച്ചത്. പ്രദേശത്തെ ചില ഗ്രാമങ്ങളിൽ മഴയെ തുടർന്ന് ശക്തമായ ഒഴുക്കുണ്ടായി. താഴ്‍ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ചില റോഡുകൾ മുൻകരുതലെന്ന നിലയില്‍ അടച്ചിടുകയും ചെയ്‍തിരുന്നു.

 

click me!