
കെയ്‌റോ: കെയ്‌റോയിലെ ഈജിപ്ഷ്യൻ മ്യൂസിയത്തിലെ കൺസർവേഷൻ ലാബിൽ സൂക്ഷിച്ചിരുന്ന അമൂല്യ സ്വർണ ബ്രേസ്‍ലെറ്റ് കാണാതായി. ഇതിനെ തുടർന്ന് ഈജിപ്ഷ്യൻ പുരാവസ്തു ഗവേഷക സമൂഹം അതീവ ജാഗ്രതയിലാണ്. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
21-ാം രാജവംശത്തിലെ മൂന്നാമത്തെ ഫറവോയായിരുന്ന ഫറവോ സൈസെനസ് ഒന്നാമന്റേതാണ് ഈ അപൂർവ ബ്രേസ്‍ലൈറ്റ്. വരാനിരിക്കുന്ന 'ട്രഷർ ഓഫ് ഫറവോസ്' പ്രദർശനത്തിനായി ഇത് റോമിലേക്ക് കൊണ്ടുപോകാനിരിക്കുകയായിരുന്നുവെന്ന് മ്യൂസിയം അധികൃതർ അറിയിച്ചു. സംഭവത്തെ കുറിച്ച് ടൂറിസം ആൻ്റ് ആൻ്റികേസ് മന്ത്രാലയം പൊലീസിനെയും പബ്ലിക് പ്രോസിക്യൂഷനെയും അറിയിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ ബന്ധപ്പെട്ട എല്ലാ അധികാരികളെയും അറിയിക്കുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി.
കൺസർവേഷൻ ലാബിലെ എല്ലാ പുരാവസ്തുക്കളുടെയും കണക്കെടുക്കാനും പരിശോധിക്കാനും പ്രത്യേക സമിതി രൂപീകരിച്ചതായും മന്ത്രാലയം അറിയിച്ചു. മുൻകരുതലെന്ന നിലയിൽ കാണാതായ ബ്രേസ്‍ലെറ്റിന്‍റെ ചിത്രം ഈജിപ്ഷ്യൻ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, അതിർത്തി കടന്നുപോകുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലെ എല്ലാ പുരാവസ്തു വിഭാഗങ്ങൾക്കും കൈമാറിയിട്ടുണ്ട്.
ഏകദേശം 600 ഗ്രാം തൂക്കമുള്ളതും തനിത്തങ്കത്തിൽ തീർത്തതുമായ ഈ ബ്രേസ്‍ലെറ്റ്, ഇറ്റലിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള പാക്കിങ് ജോലികൾക്കിടെയാണ് അവസാനമായി കണ്ടതെന്ന് പുരാവസ്തു ഗവേഷകൻ അഹമ്മദ് അമേർ പറഞ്ഞു. സംഭവത്തെ കുറിച്ച് ലാബിൽ പ്രവർത്തിക്കുന്ന മുഴുവൻ ജീവനക്കാരെയും ചോദ്യം ചെയ്തുകൊണ്ട് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദേശീയ പൈതൃകവും രാജ്യത്തിന്‍റെ സൽപ്പേരും സംരക്ഷിക്കുന്നതിനുള്ള വിഷയമായിട്ടാണ് മന്ത്രാലയം ഇതിനെ കാണുന്നതെന്ന് അമേർ കൂട്ടിച്ചേർത്തു. ഇത് മോഷണമാണോ അതോ അശ്രദ്ധമൂലമുണ്ടായ നഷ്ടമാണോ എന്ന് വ്യക്തമല്ല. മ്യൂസിയത്തിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. എന്നാൽ, കൺസർവേഷൻ ലാബുകളിൽ സിസിടിവി ക്യാമറകൾ ഇല്ലാത്തത് അന്വേഷണത്തിൽ ഒരു പ്രധാന വെല്ലുവിളിയായി മാറിയിട്ടുണ്ട്. ബ്രേസ്‍ലെറ്റിനായുള്ള തെരച്ചിൽ തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ