
മനാമ: ബഹറിനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മലയാളി നഴ്സ് പ്രിയങ്ക പൊന്നപ്പന്‍റെ മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്തു. പ്രിയങ്കയുടെ അമ്മയുടെ പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ നിര്‍ദ്ദേശാനുസരണമായിരുന്നു പോസ്റ്റ്‍മോര്‍ട്ടം.
ഈ മാസം ഏഴിനാണ് മാവേലിക്കര തെക്കേക്കര സ്വദേശികളായ പൊന്നച്ചൻ-മറിയാമ്മ ദമ്പതികളുടെ മകൾ പ്രിയങ്കയെ ബഹറീനിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെങ്ങന്നൂര്‍ മുളക്കുഴ സ്വദേശി പ്രിൻസ് വര്‍ഗീസാണ് പ്രിയങ്കയുടെ ഭര്‍ത്താവ്. 2011 നവംബറിലായിരുന്നു വിവാഹം. വിവാഹത്തിന് ശേഷം പ്രിയങ്ക ഗാര്‍ഹിക പീഡനത്തിനിരയായെന്നാണ് മാതാപിതാക്കളുടെ പരാതി.
ബഹിറീനിലെ പള്ളി വികാരിയുടെ മധ്യസ്ഥതയിൽ പ്രശ്നപരിഹാരത്തിന് ശ്രമമുണ്ടായെങ്കിലും ഉപദ്രവം തുടര്‍ന്നുവെന്നാണ് ആരോപണം. പ്രിൻസും ബന്ധുക്കളും തിരക്കിട്ട് ബഹിറീനിൽ പോസ്റ്റ്‍മോര്‍ട്ടം നടത്തിയതിൽ ദുരൂഹതയുണ്ടെന്നും പരാതിയിലുണ്ട്.
ബഹിറീനിലെ പോസ്റ്റ്‍ മോര്‍ട്ടത്തിൽ തൂങ്ങി മരണമാണെന്ന് വ്യക്തമായെങ്കിലും ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പ്രിയങ്കയുടെ മാതാപിതാക്കൾ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളേജിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കേസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണെന്ന് ചെങ്ങന്നൂര്‍ പൊലീസ് അറിയിച്ചു. പ്രിയങ്ക-പ്രിൻസ് ദമ്പതികൾക്ക് നാലു വയസുള്ള മകനുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam