
റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ മാസം ഇന്ത്യ സന്ദര്‍ശിക്കുന്നു. ഫെബ്രുവരി 19,20 തീയ്യതികളിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനം. കഴിഞ്ഞ നവംബറില്‍ നടന്ന ജി-20 ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി സൗദി കിരീടാവകാശിയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്.
യാത്രയുടെ വിശദാംശങ്ങള്‍ ചൊവ്വാഴ്ച റിയാദിലെ ഇന്ത്യന്‍ എംബസിയാണ് പുറത്തുവിട്ടത്. സൗദി കിരീടാവകാശിയുടെ സന്ദര്‍ശനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധത്തില്‍ പുതിയ ചരിത്രം രചിക്കുമെന്ന് എംബസിയുടെ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു. 19ന് ദില്ലിയിലെത്തുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. സൗദിയിലെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും വ്യവസായികളും ഉള്‍പ്പെട്ട സംഘം കിരീടാവകാശിയെ അനുഗമിക്കും.
ഇരുരാഷ്ട്രങ്ങള്‍ക്കും പൊതുതാല്‍പര്യമുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തും. ഇന്ത്യയും സൗദിയും തമ്മില്‍ ചരിത്രപരമായ സൗഹൃദമാണുള്ളതെന്നും പ്രതിരോധം രാജ്യസുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, ഊര്‍ജ സുരക്ഷ, വാണിജ്യ നിക്ഷേപം തുടങ്ങിയ രംഗങ്ങളില്‍ സമീപ വര്‍ഷങ്ങളിലുണ്ടാക്കിയ സഹകരണത്തോടെ നല്ല പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും എംബസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam