
റിയാദ്: ചെങ്കടൽ തീരത്ത് 107 സിനിമകളുമായി ലോക ചലച്ചിത്രമേള മിഴി തുറക്കുന്നത് മാർച്ച് 12ന്. സൗദി അറേബ്യയിലെ ഏറ്റവും വലിയ ചലച്ചിത്ര ഉത്സവമായ ’റെഡ്സീ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലി’ന് ജിദ്ദയിലെ പൗരാണിക മേഖലയാണ് വേദിയാവുന്നതെന്നും സംഘാടകർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മാർച്ച് 21വരെ ഒമ്പത് ദിവസമാണ് മേള.
മേളയിലെ മത്സരവിഭാഗത്തിൽ നൽകുന്ന സമ്മാനത്തുക ലക്ഷക്കണക്കിന് ഡോളറാണ്. പ്രദർശിപ്പിക്കുന്ന സിനിമകളിൽ 16 എണ്ണം മത്സരവിഭാഗത്തിലാണ്. ക്ലാസിക് വിഭാഗത്തിൽ 15ഉം മൂന്നെണ്ണം യഥാർത്ഥ സംഭവചിത്രീകരണ വിഭാഗത്തിൽ അഞ്ചും സിനിമകൾ പ്രദർശിപ്പിക്കും. സൗദിയിൽ നിർമിച്ചവയിൽ റിലീസ് ചെയ്യാനിരിക്കുന്ന 11ഉം മികച്ചവയെന്ന് ഇതിനകം അംഗീകാരങ്ങൾ നേടിയ 23ഉം സിനികളും പ്രദർശിപ്പിക്കുന്നവയിലുൾപ്പെടുന്നു. വിദേശത്ത് നിന്നെത്തുന്ന 13 ഷോർട്ട് ഫിലിമുകളും സൗദി സംവിധായകരുടെ അഞ്ച് ഷോർട്ട് ഫിലിമുകളും പ്രദർശിപ്പിക്കും.
സ്ത്രീകളുടെ അവകാശങ്ങൾ, ഗാർഹിക പീഡനം, കുടിയേറ്റ പ്രശ്നങ്ങൾ, പാർശ്വവത്കരിക്കപ്പെട്ട ന്യൂനപക്ഷങ്ങൾ, സമൂഹം നേരിടുന്ന വെല്ലുവിളികൾ, ലോകത്തിന്റെ പ്രത്യാശകൾ തുടങ്ങി വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകളും പ്രദർശന പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമകളും മേളയ്ക്ക് എത്തുന്നുണ്ട്. സൗദി അറേബ്യക്കും ഇന്ത്യയ്ക്കും പുറമെ ലബനാൻ, ഈജിപ്ത്, നൈജീരിയ, അംഗോള, മംഗോളിയ, ചൈന, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ബ്രസീൽ, കൊളംബിയ എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങളും മത്സര വിഭാഗത്തിലുണ്ടാകുമെന്നും ഫെസ്റ്റിവൽ ഡയറക്ടർ മുഹമൂദ് സബ്ബാഗും ആർട്ട് ഡയറക്ടർ ഹുസൈൻ കഹ്റബിയും അറിയിച്ചു.
മത്സര വിഭാഗത്തിലെ ജൂറി തലവനായി മൂന്ന് തവണ ഓസ്കാർ അവാർഡ് നേടിയിട്ടുള്ള ഒലിവർ സ്റ്റോണാണ് എത്തുന്നത്. സാമൂഹിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുകയും ലോക സാംസ്കാരിക മൂല്യങ്ങൾ വിനിമയം ചെയ്യപ്പെടുന്നതിനുമാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്നും സംഘാടകർ പറഞ്ഞു. ഓപൺ ഫോറങ്ങളും സെമിനാറുകളും പരിപാടികളിൽ ഉൾപ്പെടും. മത്സര വിഭാഗത്തിൽ ’അൽയുസ്ർ’ എന്ന പേരിലുള്ള അവാർഡുകളാണ് നൽകുന്നത്.
മാർച്ച് 19 ന് നടക്കുന്ന ചടങ്ങിൽ വിജയികളുടെ പേരുകൾ പ്രഖ്യാപിക്കും. ആ ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കുകയും ചെയ്യും. മികച്ച ചിത്രത്തിന് ഒരു ലക്ഷം ഡോളറും മികച്ച സംവിധായകന് അരലക്ഷം ഡോളറുമാണ് സമ്മാനം. തിരക്കഥാകൃത്തിനും നടനും നടിക്കും സമഗ്ര ചലചിത്ര സംഭാവനക്കും അരലക്ഷം ഡോളർ വീതമാണ് സമ്മാനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam