ഒമാനില്‍ വിദേശികളുടെ എണ്ണം കുറഞ്ഞു; നാടുകളിലേക്ക് അയക്കുന്ന പണത്തില്‍ ഗണ്യമായ കുറവില്ല

By Web TeamFirst Published Dec 10, 2019, 1:36 AM IST
Highlights

രാജ്യത്ത് വിദേശികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടും, 2018 ഇൽ ഒമാനിൽ നിന്നും വിദേശികൾ അയച്ചത് 10 ബില്യൺ അമേരിക്കൻ ഡോളർ. 

മസ്കത്ത്: രാജ്യത്ത് വിദേശികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടും, 2018 ഇൽ ഒമാനിൽ നിന്നും വിദേശികൾ അയച്ചത് 10 ബില്യൺ അമേരിക്കൻ ഡോളർ. ഇന്ത്യയിലെത്തിയതാവട്ടെ 3.78 ബില്യൺ അമേരിക്കൻ ഡോളറാണ്. ഇന്ത്യൻ രൂപയിലും മറ്റു വികസിത രാജ്യങ്ങളുടെ കറൻസികളുടെ മൂല്യത്തകർച്ചയുമാണ് കൂടുതൽ പണം അയക്കുവാൻ പ്രവാസികളെ പ്രേരിപ്പിച്ചതെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

ലോക ബാങ്കിന്റെ കണക്കുകൾ പ്രകാരം, ഒമാനിൽ നിന്ന് വിദേശികൾ തങ്ങളുടെ നാടുകളിലേക്ക് 2018 ഇൽ അയച്ച പണം 9.958 ബില്യൺ ഡോളറിലെത്തി. 2017ലിത് 9.815 ബില്യൺ ഡോളർ ആയിരുന്നു. ഒമാനിലെ വിദേശികളുടെ എണ്ണം 2018 ജനുവരിയിൽ 21,00,975 ആയിരുന്നു. ഡിസംബർ അവസാനത്തോട് കൂടി വിദേശികളുടെ എണ്ണം 20,30,194 ആയി കുറഞ്ഞു.

അതായത് 70,781 വിദേശ പൗരന്മാർ 2018 ഇൽ രാജ്യം വിട്ടു പോയതായിട്ടാണ് ദേശിയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാല്‍ വിദേശികൾ തങ്ങളുടെ നാടുകളിലേക്ക് അയച്ച പണത്തിൽ വലിയ വ്യതിയാനങ്ങൾ രേഖപെടുത്തിയില്ല. 2014 ഇൽ 10.3 ബില്യൺ അമേരിക്കൻ ഡോളറും, 10.9 ബില്യൺ 2015 ലും, 2016 ഇൽ 10.31 ബില്യൺ ഡോളറുമായിരുന്നു ഒമാനിൽ നിന്നും വിദേശികൾ തങ്ങളുടെ നാടുകളിലേക്ക് അയച്ച പണത്തിന്റെ കണക്കുകൾ.

ഇന്ത്യൻ രൂപയിലും മറ്റു വികസിത രാജ്യങ്ങളുടെ കറൻസികളുടെ മൂല്യത്തകർച്ചയുമാണ് കൂടുതൽ പണം അയക്കാൻ പ്രവാസികളെ പ്രേരിപ്പിച്ച ഘടകമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. 2018 ഇൽ ഒമാനിൽ നിന്നും ഇന്ത്യയിലേക്ക് എത്തിയ വിദേശ നാണ്യം 3.78 ബില്യൺ അമേരിക്കൻ ഡോളർ ആണ്. ഇന്ത്യക്കു പിന്നാലെ 1. 6 ബില്യൺ ഡോളർ യുഎഇയിലേക്കും, ബംഗ്ലാദേശിലേക്കു ഒരു ബില്യൺ ഡോളറുമാണ് ഒമാനിൽ നിന്നും വിദേശികൾ അയച്ചത്. 

click me!