
ദോഹ: പ്രകൃതിവാതക ഉൽപാദനത്തിൽ 2030 ഓടെ ഖത്തർ ഇറാനെ മറികടക്കുമെന്ന് റിപ്പോർട്ട്. ഊർജ മേഖലയിലെ റിസർച്ച് സ്ഥാപനമായ റിസ്റ്റാഡിന്റെ പഠനങ്ങൾ പ്രകാരം അടുത്ത അഞ്ച് വർഷം കൊണ്ട് ഖത്തർ വൻകരയിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക ഉൽപാദകരായി മാറും. നോർത്ത് ഫീൽഡ് പദ്ധതികളുടെ വികസനമാണ് ഖത്തറിന്റെ കുതിപ്പിന് കാരണമെന്നാണ് വിലയിരുത്തൽ.
പ്രതിവർഷം 142 മെട്രിക് ടൺ പ്രകൃതിവാതകം ഉൽപാദിപ്പിക്കുകയാണ് ഖത്തറിന്റെ ലക്ഷ്യം. 2024 ൽ 77.23 മെട്രിക് ടൺ എൽഎൻജിയാണ് ഖത്തർ ഉൽപാദിപ്പിച്ചത്. നോർത്ത് ഫീൽഡ് ഈസ്റ്റ്, നോർത്ത് ഫീൽഡ് സൗത്ത് പദ്ധതികളിൽ നിന്ന് പൂർണ തോതിലുള്ള ഉൽപാദനം സാധ്യമാകുന്നതോടെ 2027 ൽ ഇത് 126 മെട്രിക് ടണ്ണായി ഉയരും. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച നോർത്ത് ഫീൽഡ് വെസ്റ്റ് പദ്ധതി 2030 ൽ ഉൽപാദനം തുടങ്ങുകയും ചെയ്യും. ഇതോടെ ഉൽപാദനം നിലവിലുള്ളതിന്റെ ഇരട്ടിയോളം വർധിച്ച് 142 മെട്രിക് ടണ്ണിലെത്തും. നിലവിൽ 16 ബില്യൺ ക്യുബിക് അടിയാണ് ഖത്തറിന്റെ പ്രതിദിന ഉൽപാദനം. ഇറാന്റേത് 25 ബില്യൺ ക്യുബിക് അടിയും സൗദി അറേബ്യയുടേത് എട്ടും ആണ്. നിലവിൽ ആസൂത്രണം ചെയ്ത വികസന പ്രവർത്തനങ്ങൾ നടപ്പായാൽ പ്രകൃതിവാതക ഉൽപാദനത്തിൽ ഖത്തറിന് ഇറാനെ മറികടക്കാം.
2030 ആകുമ്പോഴേക്കും എല്ലാ എൽഎൻജി വിതരണങ്ങളുടെയും 40 ശതമാനം നൽകുകയെന്ന ലക്ഷ്യത്തോടെ, 2022-23 കാലയളവിൽ ആഗോളതലത്തിൽ പ്രധാന ഊർജ്ജ വിതരണ കമ്പനികളുമായി ഖത്തർ എനർജി എട്ട് പങ്കാളിത്ത കരാറുകളിൽ ഒപ്പുവെച്ചിരുന്നു. നിലവിൽ ആഗോള പ്രകൃതി വാതക കയറ്റുമതിയിൽ 18.8 ശതമാനമാണ് ഖത്തറിന്റെ സംഭാവന. യുക്രൈനുമായുള്ള യുദ്ധത്തെ തുടർന്ന് റഷ്യയിൽ നിന്നും പ്രകൃതി വാതകം വാങ്ങുന്നത് യൂറോപ്യൻ രാജ്യങ്ങൾ നിർത്തിയിരുന്നു. ഇതോടെ ഖത്തറിന്റെ എൽഎൻജിയ്ക്കുള്ള ആവശ്യകത കൂടി. ചൈനയാണ് ഖത്തറിന്റെ പ്രധാന വിപണി. ഇന്ത്യയടക്കമുള്ള ഇതര ഏഷ്യൻ രാജ്യങ്ങളിലേക്കും ഖത്തർ പ്രകൃതി വാതകം വിതരണം ചെയ്യുന്നുണ്ട്. ഈ വർഷാവസാനത്തോടെ ഇതര ഏഷ്യൻ രാജ്യങ്ങളെല്ലാം ചേർന്ന് ഉൽപാദിപ്പിക്കുന്നതിനേക്കാൾ കൂടുതൽ എൽഎൻജി മിഡിലീസ്റ്റിൽ നിന്ന് ഉൽപാദിപ്പിക്കുമെന്നും റിസ്റ്റാഡ് എനർജിയുടെ പഠനം ചൂണ്ടിക്കാട്ടുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ