സൗദിയിലേക്ക് മടങ്ങാൻ കഴിയാത്ത പ്രവാസികളുടെ ഇഖാമയും റീഎൻട്രി വിസയും ജൂലൈ 31 വരെ സൗജന്യമായി പുതുക്കും

By Web TeamFirst Published Jun 8, 2021, 7:48 PM IST
Highlights

ഇഖാമയുടെയും റീഎൻട്രി വിസയും ജൂൺ രണ്ട് വരെ പുതുക്കി നൽകാൻ നേരത്തെ രാജാവ് ഉത്തരവിട്ടിരുന്നു. അതാണ് ഇപ്പോൾ രണ്ടു മാസം വരെ നീട്ടിയിരിക്കുന്നത്. 

റിയാദ്: കൊവിഡ് രണ്ടാം തരംഗത്തിൽ പെട്ട് സൗദി അറേബ്യയിലേക്ക് മടങ്ങാൻ കഴിയാതെ വിദേശങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികളുടെ ഇഖാമയുടെയും റീഎൻട്രി വിസയുടെയും കാലാവധി ജൂലൈ 31 വരെ സൗജന്യമായി നീട്ടും. സൗദി ഭരണാധികാരി സൽമാൻ രാജാവ് ഇത് സംബന്ധിച്ച് ഉത്തരവിട്ടു. 

ഇഖാമയുടെയും റീഎൻട്രി വിസയും ജൂൺ രണ്ട് വരെ പുതുക്കി നൽകാൻ നേരത്തെ രാജാവ് ഉത്തരവിട്ടിരുന്നു. അതാണ് ഇപ്പോൾ രണ്ടു മാസം വരെ നീട്ടിയിരിക്കുന്നത്. സൗദിയിലേക്ക് പ്രവേശന വിലക്കുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമയും റീ എൻട്രി വിസയുമാണ് സൗജന്യമായി പുതുക്കുക. കൊവിഡ് കാരണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് സൗദിയിലേക്ക് ഇപ്പോള്‍ നേരിട്ട് പ്രവേശന വിലക്കുണ്ട്. വിസിറ്റ് വിസയുടെയും കാലാവധി നീട്ടികൊടുക്കും. സൗദി നാഷണൽ ഇൻഫർമേഷൻ സെന്ററിന്റെ (എൻ.ഐ.സി) സഹായത്തോടെ സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസാത്ത്) ഇതിനാവശ്യമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കും. രേഖകള്‍ സ്വമേധയായാണ് പുതുക്കി നൽകുക. 

click me!