യുഎഇയില്‍ കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കിത്തുടങ്ങി; സന്തോഷം പങ്കുവെച്ച് പ്രവാസികളും

Published : Dec 11, 2020, 03:05 PM IST
യുഎഇയില്‍ കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കിത്തുടങ്ങി; സന്തോഷം പങ്കുവെച്ച് പ്രവാസികളും

Synopsis

പൊതുജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കിത്തുടങ്ങിയതോടെ നിരവധി പ്രവാസികളും ഇതിനോടകം വാക്സിനെടുത്തു. യുഎഇയില്‍ ജീവിക്കുന്നവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം ലഭിക്കുന്ന നടപടിയാണിതെന്ന് വാക്സിന്‍ സ്വീകരിച്ചവര്‍ അഭിപ്രായപ്പെട്ടു. 

അബുദാബി: ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിച്ച കൊവിഡ് വാക്സിന് യുഎഇ അംഗീകാരം നല്‍കിയതിന് പിന്നാലെ പൊതുജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കിത്തുടങ്ങി. അബുദാബി ഹെല്‍ത്ത്  സര്‍വീസസ് കമ്പനിയുടെ കോള്‍ സെന്ററില്‍ വിളിച്ച് അപ്പോയിന്റ്മെന്റ് വാങ്ങിയ ശേഷമാണ് വാക്സിനെടുക്കാന്‍ എത്തേണ്ടത്. 20 ലക്ഷം ഡോസ് വാക്സിനുകള്‍ കഴിഞ്ഞ ദിവസം രാജ്യത്ത് എത്തിച്ചിരുന്നു.

പൊതുജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കിത്തുടങ്ങിയതോടെ നിരവധി പ്രവാസികളും ഇതിനോടകം വാക്സിനെടുത്തു. യുഎഇയില്‍ ജീവിക്കുന്നവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം ലഭിക്കുന്ന നടപടിയാണിതെന്ന് വാക്സിന്‍ സ്വീകരിച്ചവര്‍ അഭിപ്രായപ്പെട്ടു. എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കുന്ന യുഎഇ സര്‍ക്കാറിനെയും അവര്‍ അഭിനന്ദിച്ചു. ആദ്യ ഡോസ് എടുത്ത ശേഷം 21 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് കൂടി സ്വീകരിക്കണം. വാക്സിനെടുക്കാനെത്തുന്നവരുടെ ആരോഗ്യനില പരിശോധിച്ച ശേഷം സംശയങ്ങളും ദൂരീകരിച്ചാണ് ഇഞ്ചക്ഷന്‍ നല്‍കുന്നത്. 

അബുദാബിയിലെ ഹോപ് കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം 20 ലക്ഷം ഡോസ് വാക്സിന്‍ കൊണ്ടുവന്നത്. മാസങ്ങളായി യുഎഇയില്‍ മൂന്നാം ഘട്ട പരീക്ഷണം നടത്തിവന്നിരുന്ന വാക്സിനാണ് സിനോഫാമിന്റേത്.  മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഫലം യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയവും അബുദാബി ആരോഗ്യ വകുപ്പും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. 
കൊവിഡ് വൈറസ് ബാധയ്‍ക്കെതിരെ 86 ശതമാനം ഫലപ്രാപ്‍തി വാക്സിനുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

വാക്സിന്‍, ആന്റിബോഡിയെ നിര്‍വീര്യമാക്കുന്ന സെറോകണ്‍വര്‍ഷന്‍ നിരക്ക് 99 ശതമാനമാണെന്നും രോഗത്തിന്റെ ഗുരുതരാവസ്ഥ പ്രതിരോധിക്കുന്നതില്‍ 100 ശതമാനം ഫലപ്രാപ്തി വാക്സിനുണ്ട്. ഗുരുതരമായ മറ്റ് സുരക്ഷാ പ്രശ്നങ്ങളൊന്നും വാക്സിനുള്ളതായി കണ്ടെത്തിയിട്ടുമില്ല. ജൂലൈയിലാണ് മൂന്നാം ഘട്ട പരീക്ഷണം യുഎഇയില്‍ ആരംഭിച്ചത്. 120 രാജ്യങ്ങളില്‍ നിന്നുള്ള 31,000 പേര്‍ക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ വാക്സിനെടുത്തത്. അബുദാബി ആസ്ഥാനമായ ജി42 ഹെല്‍ത്ത് കെയര്‍ എന്ന സ്ഥാപനവുമായി ചേര്‍ന്നായിരുന്നു നടപടികള്‍

അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയുടെ (സേഹ) 80050 എന്ന നമ്പറില്‍ വിളിച്ച് വാക്സിനെടുക്കാനുള്ള അപ്പോയിന്റ്മെന്റ് വാങ്ങാം. സേഹയുടെ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും ക്ലിനിക്കുകളിലും വാക്സിന്‍ ലഭിക്കും. ആദ്യ ഡോസെടുത്ത ശേഷം 21 ദിവസത്തിന് ശേഷമാണ് രണ്ടാമത്തെ ഡോസ് എടുക്കേണ്ടത്. കോള്‍ സെന്ററില്‍ വിളിക്കുമ്പോള്‍ എമിറേറ്റ്സ് ഐഡി വിവരങ്ങള്‍ നല്‍കണം. ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പ് വന്നതോടെ സേഹ കോള്‍സെന്ററില്‍ നിരവധി കോളുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന 5 സ്വകാര്യ നഴ്‌സറികൾ മന്ത്രാലയം കണ്ടെത്തി, കർശന നടപടി ആവശ്യപ്പെട്ട് കുവൈത്ത് സാമൂഹികകാര്യ മന്ത്രാലയം
അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വ്യാജൻ, ആയിരത്തിലധികം ഉൽപ്പന്നങ്ങൾ കുവൈത്തിൽ പിടികൂടി