പ്രവാസികള്‍ക്ക് ധനസഹായത്തിനുള്ള സാന്ത്വന ദുരിതാശ്വാസ നിധിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

By Web TeamFirst Published Nov 6, 2021, 6:12 PM IST
Highlights

സാന്ത്വന പദ്ധതി പ്രകാരം പ്രവാസികള്‍ക്ക് നോര്‍ക്കയുടെ ധനസഹായത്തിന് അപേക്ഷിക്കാം. ചികിത്സ, മരണപ്പെടുന്നവരുടെ അനന്തരാവകാശികള്‍ക്ക്, വിവാഹ ആവശ്യത്തിന്, ഭിന്ന ശേഷി ഉപകരണങ്ങള്‍ വാങ്ങാന്‍ എന്നിങ്ങനെയാണ് സഹായം അനുവദിക്കുന്നത്.

തിരുവനന്തപുരം: തിരികെയെത്തിയ കേരളീയര്‍ക്കായുളള നോര്‍ക്കയുടെ (Norka roots) ഒറ്റതവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതി പ്രകാരം ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 10.58 കോടി രൂപയുടെ സഹായധനം (financial aid) വിതരണം ചെയ്തു. 1600ഓളം ഗുണഭോക്താക്കള്‍ക്കാണ് (beneficiaries) പദ്ധതി തുണയായത്.

തിരുവനന്തപുരം - 242, കൊല്ലം - 262, പത്തനംതിട്ട - 76, ആലപ്പുഴ - 129, കോട്ടയം - 35, ഇടുക്കി - 2, എറണാകുളം - 40, തൃശ്ശൂര്‍ - 308, പാലക്കാട് - 120, വയനാട് - 3, കോഴിക്കോട് - 103, കണ്ണൂര്‍ - 84, മലപ്പുറം - 243, കാസര്‍കോട് - 44. എന്നിങ്ങനെയാണ് ഗുണഭോക്താക്കളുടെ എണ്ണം. 

അര്‍ഹരായവര്‍ക്ക് www.norkaroots.org എന്ന നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇനിയും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വാര്‍ഷിക വരുമാനം ഒന്നര ലക്ഷം രൂപയില്‍ കവിയാത്ത പ്രവാസി മലയാളികളുടെയോ അല്ലെങ്കില്‍ അടുത്ത കുടുംബാംഗങ്ങളുടെയോ ചികിത്സക്ക് 50,000 രൂപ, മരണപ്പെടുന്ന പ്രവാസിയുടെ അനന്തരാവകാശികള്‍ക്ക് 1,00,000 രൂപ, പെണ്‍മക്കളുടെ വിവാഹാവശ്യത്തിന് 15,000 രൂപ,  പ്രവാസിക്കോ കുടുംബാംഗങ്ങള്‍ക്കോ ഭിന്നശേഷി ഉപകരണങ്ങള്‍വാങ്ങുന്നതിന് 10,000 രൂപ എന്നിങ്ങനെയാണ് പരമാവധി സഹായം. വിശദാംശങ്ങള്‍ക്ക് 1800-425-3939 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് നോര്‍ക്ക റൂട്ട്സ് അറിയിച്ചു.

click me!