
കുവൈത്ത് സിറ്റി: ഹാന്‍റ വൈറസുമായി ബന്ധപ്പെട്ട ആഗോള സാഹചര്യങ്ങൾ കുവൈത്ത് ആരോഗ്യ മന്ത്രാലയം നിരീക്ഷിച്ചുവരുകയാണെന്നും നിലവിൽ രാജ്യത്തിനുള്ളിൽ രോഗവ്യാപന സാധ്യത വളരെ കുറവാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ-സനദ് അറിയിച്ചു. കുവൈത്ത് സെന്‍റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ നടത്തിയ പുതിയ സാങ്കേതിക വിലയിരുത്തലിൽ രാജ്യത്ത് വ്യാപക രോഗബാധയുടെ സൂചനകളില്ലെന്ന് കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി. രോഗബാധയുള്ള എലികളുമായോ അവയുടെ വിസർജ്യവുമായോ നേരിട്ടോ പരോക്ഷമായോ സമ്പർക്കം വരുന്നതാണ് രോഗം പകരാനുള്ള പ്രധാന കാരണമെന്ന് മന്ത്രാലയം അറിയിച്ചു.
വൈറസ് കണ്ടെത്തുന്നതിനുള്ള ലാബ് പരിശോധനാ സൗകര്യങ്ങൾ ശക്തിപ്പെടുത്തൽ, ആരോഗ്യസംഘങ്ങളുടെ സജ്ജീകരണം, രോഗനിരീക്ഷണം, അന്താരാഷ്ട്ര ആരോഗ്യ ഏജൻസികളുമായി വിവരവിനിമയം തുടങ്ങിയ മുൻകരുതൽ നടപടികൾ ആരോഗ്യ മന്ത്രാലയം ശക്തമാക്കിയിട്ടുണ്ട്. പനി, തലവേദന, മാംസപേശി വേദന, ക്ഷീണം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് രോഗം ആരംഭിക്കാനിടയുള്ളത്. ഗുരുതര സാഹചര്യങ്ങളിൽ ശ്വാസതടസം, ഓക്സിജൻ കുറവ്, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ എന്നിവയും ഉണ്ടാകാമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
എലികളിലൂടെ അപൂർവമായി മനുഷ്യരിലേക്ക് പകരുന്ന വൈറസാണ് ഹാന്‍റ വൈറസ്. പൊതുജനങ്ങൾക്ക് വ്യാപക ഭീഷണി നിലവിൽ കുറഞ്ഞതാണെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്. ഹാന്‍റ വൈറസ് കൊവിഡിനെപ്പോലെ വായുവിലൂടെ അതിവേഗം പടരുന്നതല്ലെന്നും രോഗിയുമായി വളരെ അടുത്ത സമ്പർക്കം പുലർത്തുന്നവരിലേക്ക് മാത്രമേ പകരുകയുള്ളൂവെന്നും ലോകാരോഗ്യ സംഘടന പറയുന്നു. പ്രധാനമായും എലികളുടെ വിസർജ്യത്തിലൂടെയും ഉമിനീരിലൂടെയും മനുഷ്യരിലേക്ക് പടരുന്ന ഈ വൈറസ് ശ്വാസകോശത്തെയും വൃക്കകളെയുമാണ് ബാധിക്കുന്നത്. ഏപ്രിൽ ആദ്യം അർജന്റീനയിൽ നിന്ന് യാത്ര തിരിച്ച കപ്പലിൽ പനിയും ശ്വാസതടസ്സവും മൂലമാണ് ആദ്യ മരണം സംഭവിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam