സിബിഎസ്ഇ അഖിലേന്ത്യാ ഫുട്ബാളിൽ റിയാദ് ഇന്ത്യൻ സ്കൂളിന് നേട്ടം

By Web TeamFirst Published Nov 22, 2019, 11:01 AM IST
Highlights

 ജിദ്ദയിൽ നടന്ന യോഗ്യതാ മത്സരത്തിൽ ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപിച്ചാണ് റിയാദ് ഇന്ത്യൻ സ്കൂൾ ഓൾ ഇന്ത്യ ടൂർണമെൻറിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്.

റിയാദ്: ഈ മാസം 10 മുതൽ 14 വരെ ഹരിയാനയിൽ നടന്ന സി.ബി.എസ്.ഇ സ്കൂളുകളുടെ അഖിലേന്ത്യ ഫുട്ബാൾ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു. സെമി ഫൈനലിൽ കേരള ചിന്മയ വിദ്യാലയത്തെ ഒന്നിനെതിരെ ഒന്ന് എന്ന നിലയിൽ തളയ്ക്കാനായെങ്കിലും ടൈബ്രേക്കറിൽ അഞ്ചിനെതിരെ നാല് ഗോളുകൾ മാത്രം നേടി പുറത്താവുകയായിരുന്നു. ഫൈനലിൽ ഡൽഹി മമത മോഡേൺ സ്കൂളാണ് എതിരില്ലാത്ത മൂന്ന്ഗോളുകൾക്ക് ചിന്മയ വിദ്യാലയയെ തോൽപിച്ചു കിരീടം സ്വന്തമാക്കിയത്. 

ജി.സി.സി രാജ്യങ്ങളിൽ നിന്നടക്കം വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 25ഓളം ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ജിദ്ദയിൽ നടന്ന യോഗ്യതാ മത്സരത്തിൽ ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപിച്ചാണ് റിയാദ് ഇന്ത്യൻ സ്കൂൾ ഓൾ ഇന്ത്യ ടൂർണമെൻറിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. റിയാദ് ഇന്ത്യൻ സ്കൂൾ ടീം കോച്ചുമാരായ ഷഫീഖ് ഇസ്മാഈൽ, അഷ്ഫാഖ് ഖാൻ എന്നിവരുടെ നേതൃത്വത്തിലാണ് ടീം മത്സരത്തിൽ പങ്കെടുക്കാൻ പോയത്. തിരിച്ചെത്തിയ ടീം അംഗങ്ങൾക്ക് സ്കൂൾ അങ്കണത്തിൽ സ്വീകരണം നൽകി. സ്കൂൾ പ്രിൻസിപ്പൽ ഡോ. ഷൗക്കത്ത് പർവേഷും സ്കൂൾ മാനേജിങ് കമ്മിറ്റി പ്രധിനിധി സുൽത്താൻ മസ്ഹറുദ്ദീനും ടീമിനെ അനുമോദിച്ചു.

click me!