
റിയാദ്: വാണിജ്യ രംഗത്ത് ദുബൈയോട് കിടപിടിക്കാൻ സൗദി തലസ്ഥാന നഗരം ഒരുങ്ങുന്നു. ലോക വാണിജ്യരംഗത്തിന്റെ മിഡിലീസ്റ്റിലെ ആസ്ഥാനമായി മാറാനാണ് റിയാദ് നഗരത്തിന്റെ തയ്യാറെടുപ്പ്. ബഹുരാഷ്ട്ര കമ്പനികൾ റിയാദിൽ റീജ്യണൽ ഓഫീസ് തുറക്കുന്നു. ഇതിനായി ഇതിനകം 44 അന്താരാഷ്ട്ര കമ്പനികളാണ് ലൈസൻസ് നേടിയത്.
നിക്ഷേപ മന്ത്രി എൻജി. ഖാലിദ് അൽ ഫാലിഹ്, റിയാദ് സിറ്റി റോയൽ കമീഷൻ സി.ഇ.ഒ ഫഹദ് ബിൻ അബ്ദുൽ മുഹ്സിൻ അൽറഷീദ് എന്നിവർ കമ്പനി പ്രതിനിധികൾക്ക് ലൈസൻസ് കൈമാറി. 10 വർഷത്തിനുള്ളിൽ 480 കമ്പനികൾ ഇങ്ങനെ റിയാദിൽ റീജ്യണൽ ഓഫീസുകൾ തുറക്കും. അതോടെ മിഡിലീസ്റ്റിലെ പ്രധാന ട്രേഡിങ് ഹബ്ബായി റിയാദ് മാറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ ഈ പദവി ദുബൈക്കാണ്.
റിയാദിൽ അനുകൂല സാഹചര്യമൊരുങ്ങുന്നതോടെ പല കമ്പനികളും ദുബൈയിൽ നിന്ന് റിയാദിലേക്ക് ചുവടുമാറ്റം നടത്തും. വിഭവശേഷിയുടെ കാര്യത്തിൽ സൗദി അറേബ്യയാണ് മുന്നിൽ എന്നത് കമ്പനികളെ ആകർഷിക്കുന്ന ഘടകമാണ്. രാജ്യത്തെ സാമൂഹികാന്തരീക്ഷവും കൂടി അനുകൂലമാകുന്നതോടെ കമ്പനികളൊന്നും മടിച്ചുനിൽക്കില്ല. നിലവിൽ സാംസങ്, സീമെൻസ്, പെപ്‌സികോ, യുണിലിവർ, ഫിലിപ്‌സ്, ചൈനയിലെ ദീദി തുടങ്ങിയ കമ്പനികളൊക്കെ ഇതിനകം റിയാദിൽ പ്രാദേശിക ആസ്ഥാനമുറപ്പിക്കാൻ ലൈസൻസ് നേടിയവയാണ്.
ഡെന്മാർക്കിലെ കാറ്റാടി ഊർജ ഉദ്പാദന കമ്പനിയായ വെസ്റ്റാസ് മിഡിലീസ്റ്റ് ആസ്ഥാനം റിയാദിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇങ്ങനെ ഭീമൻ കമ്പനികൾ റിയാദിലേക്ക് പ്രാദേശിക ആസ്ഥാനം മാറ്റുന്നതോടെ 18 ബില്യൺ ഡോളർ വിദേശനിക്ഷേപം ഒറ്റയടിക്ക് സൗദിയിലേക്ക് വരും. 30,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam