
ദുബായ്: വെള്ളിയാഴ്ച രാവിലെ നടക്കാനിരിക്കുന്ന ദുബായ് മാരത്തോണ്‍ 2020ന്റെ ഭാഗമായി പ്രധാന റോഡുകള്‍ അടച്ചിടും. മാരത്തോണ്‍ നടക്കുന്ന റോഡുകളുടെ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. മാരത്തോണിനൊപ്പം. 10 കിലോമീറ്റര്‍ റോഡ് റേസ്, 4 കിലോമീറ്റര്‍ ഫണ്‍ റേസ് എന്നിവയും വെള്ളിയാഴ്ച നടക്കും.
ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ അധ്യക്ഷനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് 21-ാമത് ദുബായ് മാരത്തോണ്‍ അരങ്ങേറുന്നത്. ദുബായ് സ്പോര്‍ട്സ് കൗണ്‍സിലിനാണ് സംഘാടന ചുമതല. 42.195 കിലോമീറ്ററിന്റെ ക്ലാസിക് മാരത്തോണ്‍ മൂന്ന് സമയങ്ങളിലായാണ് തുടങ്ങുന്നത്. വീല്‍ചെയര്‍ അത്‍ലറ്റുകള്‍ക്ക് രാവിലെ 5.55നും മറ്റുള്ളവര്‍ക്ക് 6 മണിക്കും ഏഴ് മണിക്കുമാണ് തുടക്കം. മാരത്തോണിന് പുറമെ 10 കിലോമീറ്റര്‍ റോഡ് റേസിലും നാല് കിലോമീറ്റര്‍ ഫണ്‍ റേസിലും ആളുകള്‍ പങ്കെടുക്കും.
42.195 കിലോമീറ്റര്‍ മാരത്തോണ്‍ ഉമ്മു സുഖൈം റോഡില്‍ നിന്നാണ് ആരംഭിക്കുന്നത്. അല്‍സുഫൂഹ് റോഡ് വഴി മദീനത്ത് ജുമൈറയിലേക്കും ജുമൈറ ബീച്ച് റോഡ് വഴി ബുര്‍ജ് അല്‍ അറബിന് മുന്നിലൂടെ ഉമ്മു സുഖൈം റോഡില്‍ ദുബായ് പൊലീസ് അക്കാദമിക്ക് എതിര്‍വശത്ത് അവസാനിക്കുകയും ചെയ്യും.
10 കിലോമീറ്റര്‍ ഫണ്‍ റേസ് സുഫൂഹ് റോഡില്‍ മദീനത്ത് ജുമൈറയ്ക്ക് എതിര്‍വശത്ത് നിന്ന് ആരംഭിച്ച് പാം ജുമൈറയുടെ പ്രവേശന കവാടത്തില്‍ യു-ടേണ്‍ തിരിഞ്ഞ് അബ്ദുല്ല ഒമ്റാന്‍ തര്‍യം സ്ട്രീറ്റില്‍ അവസാനിക്കും.
നാല് കിലോമീറ്റര്‍ ഫണ്‍ റേസ് രാവിലെ 11 മണിക്ക് അല്‍ സൂഫൂഹ് റോഡില്‍ എതിര്‍വശത്ത് ആരംഭിക്കും. അബ്ദുല്ല ഒമ്റാന്‍ തര്‍യം സ്ട്രീറ്റില്‍ തന്നെ അവസാനിക്കുകയും ചെയ്യും.
പുലര്‍ച്ചെ രണ്ട് മണി മുതല്‍ ഉച്ചയ്ക്ക് ശേഷം ഒരു മണി വരെ റോഡുകള്‍ അടച്ചിടും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ