
ദോഹ: ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ സമയത്ത് ഖത്തറിലെ താമസക്കാര്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് അധികൃതര്‍. ഇത്തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി വക്താവ് ഖാലിദ് അല്‍ നമ അറിയിച്ചു.
ജുലൈ മാസത്തിന് ശേഷം ഖത്തറില്‍ നിന്ന് പുറത്തുപോകരുതെന്നും, പോയാല്‍ ലോകകപ്പ് കഴിയാതെ പിന്നെ മടങ്ങിവരാനാവില്ലെന്നുമുള്ള നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളില്‍ ഔദ്യോഗിക വിശദീകരണങ്ങളൊന്നും ലഭ്യമല്ലാതിരുന്നതിനാല്‍ ജനങ്ങള്‍ ആശങ്കയിലായ സാഹചര്യത്തിലാണ് ഇപ്പോള്‍ വ്യക്തത വരുത്തിയത്. ഖത്തര്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ഖാലിദ് അല്‍ നമ ഇത്തരം അഭ്യൂഹങ്ങള്‍ പൂര്‍ണമായി തള്ളിക്കളഞ്ഞു.
ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന സമയത്ത് സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും രാജ്യത്തേക്ക് വരുന്നതിന് വിലക്കുണ്ടാകുമോ എന്ന ചോദ്യത്തിന്, പ്രവാസികളും സ്വദേശികളും രാജ്യത്തുനിന്ന് പുറത്തുപോകുന്നതിനെയും തിരിച്ചു വരുന്നതിനെയും ലോകകപ്പ് ഒരു തരത്തിലും ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോകകപ്പ് സമയത്ത് അവരും ഇവിടെയുണ്ടാകണമെന്നാണ് ആഗ്രഹം, എന്നാല്‍ യാത്രാ വിലക്കുകളൊന്നും ഏര്‍പ്പെടുത്തില്ല - അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam