സൗദിയില്‍ ലെവി ഒഴിവാക്കാന്‍ രാജാവിന് നിവേദനം? സത്യം ഇതാണ്

By Web TeamFirst Published Aug 12, 2018, 1:50 PM IST
Highlights

കഴിഞ്ഞ ജനുവരി മുതലാണ് സ്വദേശികളെക്കാള്‍ കൂടുതൽ വിദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മേല്‍ 400 റിയാലും വിദേശികളെക്കാള്‍ കൂടുതൽ സ്വദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ മേല്‍ മാസം തോറും 300 റിയാലും ലെവി ഏര്‍പ്പെടുത്തിയത്. 

റിയാദ്: സൗദിയിൽ വിദേശികളുടെ മേൽ ഏർപ്പെടുത്തിയ ലെവി വർദ്ധിപ്പിക്കുന്നത് ഒഴിവാക്കാന്‍ ഭരണാധികാരി സൽമാൻ രാജാവിനു നിവേദനം നല്‍കിയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. നിലവിൽ വിദേശ തൊഴിലാളികൾക്കും അവരുടെ ആശ്രിതർക്കും ലെവി ബാധകമാണ്.

കഴിഞ്ഞ ജനുവരി മുതലാണ് സ്വദേശികളെക്കാള്‍ കൂടുതൽ വിദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മേല്‍ 400 റിയാലും വിദേശികളെക്കാള്‍ കൂടുതൽ സ്വദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ മേല്‍ മാസം തോറും 300 റിയാലും ലെവി ഏര്‍പ്പെടുത്തിയത്. അടുത്ത വർഷം ജനുവരി മുതല്‍ സ്വദേശികളെക്കാള്‍ കൂടുതൽ വിദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മേല്‍ 600 റിയാലും സ്വദേശികള്‍ കൂടുതലുള്ള സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ മേല്‍ 500റിയാലായും കൂടും. 

2020ല്‍ ഇത് യഥാക്രമം 800 റിയാലും 700 റിയാലുമാക്കി ഉയര്‍ത്തുമെന്നായിരുന്നു തൊഴിൽ മന്ത്രാലയം അറിയിച്ചത്. എന്നാൽ വിദേശികളുടെ മേൽ ചുമത്തിയ ലെവി പ്രാബല്യത്തിൽ വന്ന ആദ്യ വര്‍ഷത്തിലുള്ള തുക തന്നെ തുടരാനും അടുത്ത വര്‍ഷങ്ങളിലെ ലെവിയിലുള്ള വർദ്ധനവ് ഒഴിവാക്കാനും സല്‍മാന് രാജാവിനു നിവേദനം സമര്‍പ്പിച്ചു എന്നായിരുന്നു പ്രചരണം.  ഇക്കാര്യം കഴിഞ്ഞ ദിവസം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിലാണ് തൊഴില്‍മന്ത്രി അറിയിച്ചതെന്നും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

click me!