
റിയാദ്: ഹൗസ് ഡ്രൈവർ ഉൾപ്പടെ എല്ലാ വീട്ടുജോലിക്കാർക്കും ബാങ്കുവഴി ശമ്പളം നൽകുന്ന വമ്പൻ നിയമമാറ്റം സൗദിയിൽ പൂർണമായി നടപ്പായി. ഒരു തൊഴിലാളിയുള്ള തൊഴിലുടമയും അയാളുടെ ശമ്പളം ബാങ്കുവഴി കൃത്യസയമത്ത് കൊടുക്കണമെന്ന നിയമമാണ് പുതുവർഷാരംഭത്തിൽ നടപ്പായത്. ഇത് ഈ നിയമം നടപ്പാക്കൽ പദ്ധതിയുടെ അവസാന ഘട്ടമായിരുന്നു. കഴിഞ്ഞവർഷം ജനുവരിയിൽ ഘട്ടംഘട്ടമായി നടപ്പാക്കി തുടങ്ങിയതാണ് ഈ നിയമമാറ്റം.
നാലിലേറെ ജോലിക്കാരുള്ള തൊഴിലുടമയ്ക്കായിരുന്നു ആദ്യഘട്ട നിയമം ബാധകമായിരുന്നത്. ജൂലൈയിൽ നാല് ജീവനക്കാരുള്ള തൊഴിലുടമക്കുള്ള രണ്ടാംഘട്ടം നടപ്പായി. ഒക്ടോബറിൽ രണ്ടോ അതിലധികമോ ജോലിക്കാരുള്ളവർക്കായി മൂന്നാംഘട്ടം. ഇപ്പോൾ നാലാംഘട്ടമായി ഒരു തൊഴിലാളിയുള്ള തൊഴിലുടമക്കും ബാധകമാക്കി.
ഗാർഹിക തൊഴിലാളികളുടെ കാര്യങ്ങൾക്കായുള്ള സൗദി തൊഴിൽ മന്ത്രാലയത്തിെൻറ ‘മുസാനിദ്’ പ്ലാറ്റ്‌ഫോം അംഗീകരിച്ച ബാങ്കുകളും ഡിജിറ്റൽ വാലറ്റുകളും വഴിയാണ് ശമ്പളം ട്രാൻസ്ഫർ ചെയ്തുകൊടുക്കേണ്ടത്. തൊഴിലാളിയുടെ മൊബൈൽ നമ്പർ റെസിഡൻറ് പെർമിറ്റ് (ഇഖാമ) നമ്പറുമായി ബന്ധിപ്പിച്ച്, തൊഴിലാളിയുടെ പേരിൽ ബാങ്ക് അക്കൗണ്ടോ ഡിജിറ്റൽ വാലറ്റോ തുറന്ന് അതിലൂടെയാണ് ശമ്പളം വിതരണം ചെയ്യേണ്ടത്. ഇത് സൗദിയിലെ പ്രവാസി ഗാർഹിക തൊഴിലാളികളുടെ ജീവിതത്തിൽ വലിയ മാറ്റമാണ് ഉണ്ടാക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam